നീലത്തിമിംഗലങ്ങളെക്കാൾ വലിപ്പം; കടലാഴങ്ങളിലെ ജയന്റ് സീ മോൺസ്റ്ററിനെ കണ്ടെത്തി ശാസ്ത്രലോകം

Published by
Janam Web Desk

കടലാഴങ്ങളിലെ രഹസ്യങ്ങൾ മനുഷ്യരാശിയ്‌ക്കെന്നും പുത്തൻ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുന്നേ ഭൂമിയിൽ ജീവിച്ചിരുന്ന ഉരഗവർഗങ്ങളിൽപ്പെട്ടവയും അല്ലാത്തതുമായ മൃഗങ്ങളെ സംബന്ധിച്ച കാഴ്ചകൾ സിനിമകളായി നമുക്ക് മുന്നിൽ പിറന്നപ്പോൾ ഒരു അത്ഭുതക്കാഴ്ചയായിരുന്നു അവ നമുക്ക് സമ്മാനിച്ചത്. പിന്നീട് നടന്ന ഗവേഷണളിൽ ഓരോന്നായി നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന ജീവികളുടെ ഫോസിലുകൾ കണ്ടെത്തിയതോടെ ഇവയെല്ലാം ഭൂമിയിലുണ്ടായിരുന്നുവെന്നതിന്റെ തെളിവിന് ആക്കം കൂട്ടി. അത്തരത്തിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് കടലാഴങ്ങളിലുണ്ടായിരുന്ന ഒരു ഭീമന്റെ ഫോസിലുകൾ കണ്ടെത്തിയിരിക്കുകയാണ് യുകെയിലെ ശാസ്ത്രജ്ഞർ.

സമുദ്രാഴങ്ങളിലുണ്ടായിരുന്ന രണ്ട് ഭീമാകാരമായ ഇക്ത്യോസർ ഉരഗങ്ങളുടെ ഫോസിലുകളാണ് കണ്ടെത്തിയത്. 25 മീറ്റർ നീളമുള്ള ഉരഗവർഗങ്ങളുടെ താടിയെല്ലുകളും മറ്റ് എല്ലുകളുമാണ് ഗവേഷക സംഘം കണ്ടെത്തിയത്. ഈ ഫോസിലുകൾക്ക് ഡോർസെറ്റ് ക്ലിഫുകളിൽ നിന്ന് കണ്ടെത്തിയ ഫോസിലുകളെക്കാൾ നീളമുണ്ടെന്നും ഡാവിഡ് ആറ്റെൻബർഗിന്റെ ഡോക്യുമെന്ററിയായ ‘ജയന്റ് സീ മോൺസ്റ്ററിലുള്ള’ ഉരഗവർഗത്തെക്കാൾ വലിപ്പമുണ്ടെന്നുമാണ് ഗവേഷക സംഘം അഭിപ്രായപ്പെടുന്നത്.

നിലവിൽ കണ്ടെത്തിയിരിക്കുന്ന ഉരഗത്തിന്റെ വലിപ്പം 25 മീറ്ററായിരിക്കാമെന്നും എല്ലാ ഫോസിലുകളും ലഭിച്ചെങ്കിൽ മാത്രമേ ഇതിന്റെ വലിപ്പത്തെ കുറിച്ച് കൃത്യമായി പറയാൻ സാധിക്കുകയുള്ളൂവെന്നും ഡോ. ഡീൻ ലോമാക്‌സ് പറഞ്ഞു. ഭീമാകാരമായ ഇക്ത്യോസറുകൾ കൂട്ട വംശനാശത്തിലാണ് ചത്തൊടുങ്ങിയതെന്നും പിന്നീടുണ്ടായ ഇക്തോസ്യറുകൾ അധികം വലിപ്പം വയ്‌ക്കാതെ പരിണാമപ്പെടുകയായിരുന്നുവെന്നും ശാസ്ത്രസമൂഹം പറയുന്നു.

2022ലാണ് അവസാനത്തെ ഇക്ത്യോസറുകളുടെ ഫോസിലുകൾ ശാസ്ത്രസമൂഹത്തിന് ലഭിച്ചത്. ഇതിൽ നടത്തിയ പരിശോധനയിലാണ് ഇവ ദിനോസറുകളുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്നവയാണെന്നും മറ്റു ഉരഗവർഗങ്ങളെക്കാൾ ഇവയ്‌ക്ക് വലിപ്പമുണ്ടെന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയത്.

Share
Leave a Comment