മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഗൾഫ് നാടുകൾക്ക് പിന്തുണയുമായി നടൻ മമ്മൂട്ടി. സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചാണ് താരം പിന്തുണ അറിയിച്ചത്. നിലവിൽ മഴക്ക് ശമനമുണ്ടായെങ്കിലും ജനജീവിതം സാധാരണ നിലയിലെത്തിയിട്ടില്ല. യു.എ.ഇയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വെള്ളത്തിനടിയിലാണ്.
“ഗൾഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തിൽ ആഴ്‌ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകൾ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ..”, എന്നാണ് മമ്മൂട്ടി കുറിച്ചത്.
75 വർഷത്തിനിടെ രാജ്യത്തുണ്ടായതിൽ വച്ച് ഏറ്റവും ശക്തമായ മഴയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് നാടുകളിൽ പെയ്തിറങ്ങിയത്. വിമാനത്താവളങ്ങളടക്കം ഒറ്റപ്പെട്ടുപോയതോടെ നിരവധി സർവീസുകൾ റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്തിരുന്നു.