ഡൽഹി: യുവ വനിതാ യുട്യൂബർ താമസിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. സ്വാതി ഗോദാര എന്ന 29കാരിയാണ് ഡൽഹി മുഖർജി നഗറിലെ പിജി കെട്ടിടത്തിൽ നിന്ന് ചാടിയത്. യു.പി.എസ്.സി പരീക്ഷ തയാറെടുത്തിരുന്ന ഇവർ മുഖർ നഗർ ഏരിയയിൽ പത്തുവർഷമായി താമസിക്കുകയാണ്. ദാരുണ സംഭവത്തിന് പിന്നിലെ കാരണം തേടുന്ന പൊലീസ് ഇവരുടെ സുഹൃത്തുക്കളെയും ദൃക്സാക്ഷികളെയും ചോദ്യം ചെയ്തു.
പ്രിയം എന്ന സുഹൃത്തിനാെപ്പമാണ് ഇവർ താമസിച്ചിരുന്നത്. പ്രിയത്തെ പൊലീസ് കസ്റ്റിഡിയിലെടുത്തിട്ടുണ്ട്. ഇവിടത്തെ മുറി നാലുമാസം മുൻപാണ് ഇവർ വാടകയ്ക്കെടുത്തത്. കെട്ടിട ഉടമയോട് താൻ പഠിത്തം പൂർത്തിയാക്കിയെന്നും ഇപ്പോൾ പൂർണസമയ യുട്യൂബർ എന്നുമാണ് പറഞ്ഞിരുന്നത്. യുപിയിലെ ബദ്ല സ്വദേശിയായ സ്വാതി പത്തുവർഷം മുൻപാണ് ഡൽഹിയിലെത്തിയത്.
എഴുതിയ യു.പി.എസ്.സി ,എസ്.എസ്.സി പരീക്ഷകളിലൊന്നും വിജയിക്കാതിരുന്നതോടെയാണ് ഇവർ യുട്യൂബറായത്. 28,000 അധികം ഫോളോവേഴ്സുള്ള യുട്യൂബറാണ് സ്വാതി. ഇതുവരെ 205 പോസ്റ്റുകൾ പങ്കുവച്ചിട്ടുണ്ട്.അതേസമയം ഇവരുടെ കുടുംബം മരണത്തിൽ സംശയങ്ങളൊന്നും ഉയർത്തിയിട്ടില്ല.