ഒരിടവേളയ്ക്ക് ശേഷം ഐപിഎല്ലിൽ വീണ്ടും വാതുവയ്പ്പിന്റെ കരിനിഴൽ. രാജസ്ഥാന്റെ മത്സരങ്ങൾക്കിടെയാണ് രണ്ടുപേരെ വീതം പിടികൂടിയത്. വാങ്കെഡെ സ്റ്റേഡിയത്തിലെയും ജയ്പൂർ സ്റ്റേഡിയത്തിലെയും കോർപ്പറേറ്റ് ബോക്സുകളിൽ ഇരുന്നവരെയാണ് ബിസിസിഐ അഴിമതി വിരുദ്ധ സ്ക്വാഡ് പിടികൂടി പൊലീസിന് കൈമാറിയത്.
മാർച്ച് 28ന് ജയ്പൂരിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിലും ഏപ്രിൽ ഒന്നിന് വാങ്കഡെയിൽ നടന്ന മത്സരത്തിലുമാണ് വാതുവയ്പ്പുകാരെ പിടികൂടിയത്. ഇവർക്കെതിരെ ജയ്പൂരിൽ കേസെടുത്തെങ്കിലും മുംബൈയിലെ കാര്യം വ്യക്തമല്ല. കോർപ്പറേറ്റ് ബോക്സിന് സമീപത്താണ് താരങ്ങളുടെ ഡ്രസിംഗ് റൂമുള്ളത്. ഇത് സംശയങ്ങൾ ബലപ്പെടുത്തുന്നു.
2013 ൽ വാതുവയ്പ്പ് കേസിൽ രാജസ്ഥാൻ താരങ്ങൾ അറസ്റ്റിലായിരുന്നു. മുംബൈക്കെതിരെയുള്ള മത്സരത്തിന് പിന്നാലെയാണ് വാതുവയ്പ്പ് നടന്നെന്ന വാർത്തകൾ പുറത്തുവന്നത്. അന്വേഷണത്തിന് പിന്നാലെ രാജസ്ഥാനെയും ചെന്നൈയും രണ്ടുവർഷത്തേക്ക് ഐപിഎല്ലിൽ നിന്ന് വിലക്കിയിരുന്നു.