അശുതോഷ് ശർമ്മയുടെയും ശശങ്ക് സിംഗിന്റെയും വെടിക്കെട്ട് പ്രകടനം ഒരിക്കൽ കൂടി ജയത്തിലെത്താതെ വിഫലമായപ്പോൾ മുംബൈക്ക് മൂന്നാം വിജയം. മത്സരഫലം മാറിമറിഞ്ഞ മത്സരത്തിൽ അവസാന ഓവറുകളിലെ പ്രകടനമാണ് മുംബൈയെ തുണച്ചത്. ബുമ്ര ക്ലാസ് ഒരിക്കൽക്കൂടി തെളിയിച്ച മത്സരത്തിൽ പഞ്ചാബിന്റെ തുടക്കം ഞെട്ടലോടെയായിരുന്നു.
14 റൺസെടുക്കുന്നതിനിടെ നാലുപേർ കൂടാരം കയറി. ബുമ്രയും ജെറാൾജ് കോർട്സിയും ചേർന്നാണ് പഞ്ചാബിനെ മുൾമുനയിൽ നിർത്തിയത്. നാലോവറിൽ 21 റൺസ് വഴങ്ങി ബുമ്ര മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ കോർട്സി 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ക്യാപ്റ്റൻ സാം കറൻ(6), പ്രഭ്സിമ്രാൻ സിംഗ് ഡക്കായി.
ആദ്യ മത്സരത്തിനിറങ്ങിയ റൈലി റൂസോ(1)യുടെ കുറ്റി പിഴുതാണ് ബുമ്ര ഞെട്ടിച്ചത്. ലിയാം ലിവിംഗ്സ്റ്റൺ(1) വീണ്ടും നിരാശപ്പെടുത്തി. പിന്നീട് ക്രീസിലെത്തിയ അശുതോഷ് ശർമ്മ (28 പന്തിൽ 61), ശശാങ്ക് സിംഗ് (25 പന്തിൽ 41) എന്നിവരാണ് മുംബൈയെ ഭയപ്പെടുത്തിയത്. ഹർപ്രീത് ബ്രാർ(21), കഗീസോ റബാഡ(8) എന്നിവരും വാലറ്റത്ത് വിജയത്തിനായി പൊരുതി.