തിരുവനന്തപുരം: രാജ്യം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോൾ ശ്രദ്ധേയമായി ബിജെപി കേരളത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം. ‘ കരുതലും കരുത്തുമുള്ള മോദിജിക്ക് പിന്തുണ’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. ബിജെപി കേരളത്തിന്റെ എക്സ് പേജിലൂടെ പങ്കുവച്ച വീഡിയോ ഇതിനകം നിരവധി പേരാണ് ഏറ്റെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നേട്ടങ്ങൾ ഓരോന്നായി ചൂണ്ടിക്കാട്ടുന്ന ഗാനമാണ് ബിജെപി പുറത്തുവിട്ടത്. ഏകദേശം മൂന്ന് മിനിറ്റോളമാണ് ഗാനത്തിന്റെ ദൈർഘ്യം. കാലം മാറിമാറി കേരളം ഭരിച്ച കൂട്ടർക്ക് മറുപടി ജനങ്ങൾ നൽകണമെന്നും ഗാനത്തിൽ പറയുന്നു. ഗാനത്തിൽ പ്രധാനമന്ത്രിയേയും എൻഡിഎയുടെ കേരളത്തിലെ സ്ഥാനാർത്ഥികളെയും കാണാനാകും. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ പ്രചാരണം നടത്തുന്നതിന്റെ ദൃശ്യങ്ങളും ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബിജെപി കേരളം തിരഞ്ഞെടുപ്പ് പ്രചരണ ഗാനം#PhirEkBaarModiSarkar pic.twitter.com/iAhwoHuaMy
— BJP KERALAM (@BJP4Keralam) April 18, 2024
അതേസമയം ഇന്നലെയാണ് എൻഡിഎ കേരളം പുറത്തിറക്കുന്ന തെരഞ്ഞെടുപ്പ് ഗാനങ്ങളുടെ പ്രകാശനം ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് നിർവഹിച്ചത്. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസായ മാരാർജി ഭവനിൽ നടന്ന പരിപാടിയിൽ സംഗീത സംവിധായകൻ ദർശൻ രാമന് സിഡി നൽകിയാണ് പ്രകാശനം നിർവഹിച്ചത്. വോട്ടർമാരോട് പറയാനുള്ള സന്ദേശം ഗാനത്തിന്റെ രൂപത്തിൽ ചിട്ടപ്പെടുത്തിയെടുത്തതാണെന്നും കേരളത്തിലെ ജനങ്ങൾ ബിജെപിയെ പിന്തുണയ്ക്കുന്നതിൽ സന്തോഷമുണ്ടെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.