തിരുവനന്തപുരം: സർക്കാരിനെയും ഇടത് യുവജനസംഘടനയായ ഡിവൈഎഫ്ഐയെയും രൂക്ഷമായി വിമർശിച്ച് സിപിഒ റാങ്ക് ഹോൾഡർ ഹരി കൃഷ്ണൻ. പുച്ഛ ഭാവത്തോടെയാണ് ഉദ്യോഗാർത്ഥികളെ ഡിവൈഎഫ്ഐ നോക്കി കാണുന്നതെന്നും ഇത്രയും കാലം തങ്ങളെ ഇട്ട് പന്ത് തട്ടിയത് ചോദ്യം ചെയ്യുമെന്ന് വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് സർക്കാരോ മറ്റ് പ്രതിനിധികളോ ചർച്ചയ്ക്ക് തയ്യാറാകാത്തതെന്നും സമരസമിതിയംഗം ഹരികൃഷ്ണൻ പറഞ്ഞു. ജനം ഡിബേറ്റിൽ സംസാരിക്കവേയാണ് ഉദ്യോഗാർത്ഥി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് കേരളത്തിൽ മാത്രമാകും പി.എസ്.സി പഠിക്കുന്ന ഉദ്യോഗാർത്ഥികൾ രാഷ്ട്രീയക്കാരെ പോയി കണ്ട് ഒഴിവ് റിപ്പോർട്ട് ചെയ്യിപ്പിക്കുന്നത്. ദിവസവും എകെജി സെന്ററും ഡിവൈഎഫ്ഐ ഓഫീസും സെക്രട്ടറിയേറ്റും കയറിയിറങ്ങി നടന്നു. എന്നാൽ വളരെ മോശം അനുഭവമാണ് അവിടങ്ങളിൽ നിന്നുണ്ടായതെന്നും ഉദ്യോഗാർത്ഥി പറഞ്ഞു.
‘സ്ഥിരം ഇവിടെ കയറി ഇറങ്ങുന്നുണ്ടല്ലോ, വേണമെങ്കിൽ സെക്യൂരിറ്റിയുടെ പണി തരാമെന്നാണ്’ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും മലപ്പുറം സ്ഥാനാർത്ഥിയുമായ വി. വസീഫ് പറഞ്ഞത്. 62 ദിവസം സമരം ചെയ്തെങ്കിലും സർക്കാർ തിരിഞ്ഞ് നോക്കുക പോലും ചെയ്തില്ലെന്നും സിപിഒ റാങ്ക് ഹോൾഡർ ആരോപിച്ചു.
എന്താണ് നിങ്ങളുടെ ആവശ്യമെന്നോ എന്തുകൊണ്ട് സമരം ചെയ്യുന്നതെന്നോ ചോദിക്കാൻ പോലും രാഷ്ട്രീയപാർട്ടികളോ സംഘടനകളോ തയ്യാറായില്ല. ഡിവൈഎഫ്ഐയുടെ ഒരു പ്രതിനിധി പോലും ചർച്ചയ്ക്ക് തയ്യാറായിട്ടില്ല.
എന്തുകൊണ്ടാണ് ഇവരെല്ലാം മുഖത്ത് നോക്കാൻ മടിക്കുന്നത്. എന്തുകൊണ്ടാണ് ഞങ്ങളുടെ മുൻപിലിരുന്ന് ചങ്കുറപ്പോടെ ചർച്ചയ്ക്ക് തയ്യാറാകാത്തത്. ഇത്രയും കാലം ഞങ്ങളെ ഇട്ട് പന്ത് തട്ടിയത് ചോദ്യം ചെയ്യുമെന്ന് വ്യക്തമായിട്ടറിയാം. അതുകൊണ്ടാണ് സർക്കാരും ഡിവൈഎഫ്ഐയും ചർച്ചയ്ക്ക് തയ്യറാവാത്തത്- സിപിഒ ഉദ്യോഗാർത്ഥി പറഞ്ഞു.