കോഴിക്കോട്: താമരശേരിയിൽ ലഹരി മാഫിയകളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. കുടുക്കിലുമ്മാരത്തെ വ്യാപാരിയായ നവാസിനെയാണ് ഗുണ്ടാ സംഘം കടയിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചത്. കല്യാണ വീട്ടിലുണ്ടായ സംഘർഷം തടയാൻ ശ്രമിച്ചതിന്റെ പ്രകോപനമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അയ്യൂബ്, ഫിറോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആക്രമണം നടത്തിയത്. താമരശേരി സ്വദേശികളായ മാദിജിന്റെയും ജലീന്റെയും വീടിന് നേരെയും പ്രതികൾ ആക്രമണം നടത്തി. വീടിന്റെ വാതിലുകൾ പൊളിച്ചിട്ട നിലയിലാണ്. വെട്ടേറ്റ നവാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ച കേസിലെ പ്രതികളാണ് അയ്യൂബും ഫിറോസും. അയ്യൂബിന്റെ സഹോദരീപുത്രിയുടെ വിവാഹ ദിവസമുണ്ടായ തർക്കമാണ് ആക്രമണത്തിന് പിന്നിൽ. അയ്യൂബും മറ്റ് ഗുണ്ടകളും തമ്മിലുണ്ടായ തർക്കം, നവാസും മാജിദും ജലീലും തടയാൻ ശ്രമിച്ചിരുന്നു.
ഇവർ ലഹരിവിരുദ്ധ സംഘത്തിലെ പ്രവർത്തകരാണ്. ഇതിന്റെ പ്രകോപനത്തിൽ അയ്യൂബും സംഘവും നവാസിനെ കടയിൽ കയറി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.















