ഋഷഭ് പന്തെന്ന വ്യക്തിയെക്കുറിച്ചും അയാളുമായുള്ള ബന്ധത്തെക്കുറിച്ചും വാചാലനായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. എന്നെ ഏപ്പോഴും ചിരിപ്പിക്കാനാകുന്ന ഒരു വ്യക്തി പന്താണെന്ന് രോഹിത് ശർമ്മ പറഞ്ഞു. പന്തിനെ വീണ്ടും ഗ്രൗണ്ടിൽ കാണാനായത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും രോഹിത് വ്യക്തമാക്കി.
2022 ഡിസംബറിൽ കാറപകടത്തിൽപ്പെട്ട പന്ത് ഒന്നര വർഷത്തോളം വിശ്രമത്തിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ഋഷഭ് നിരവധി ശസ്ത്രക്രിയകൾക്കും വിധേയനായി. ഐപിഎല്ലിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. ഒരു പോഡ് കാസ്റ്റിൽ സംസാരിക്കവെയാണ് പന്തുമായുള്ള ബന്ധം രോഹിത് വ്യക്തമാക്കിയത്.
‘ആർക്കെങ്കിലും എന്നെ ചിരിപ്പിക്കാൻ കഴിയുമെങ്കിൽ, അത് പന്തിന് മാത്രമായിരിക്കും. നമ്മൾക്കെല്ലാം അറിയുംപോലെ അവൻ വളരെ കുസൃതിക്കാരനാണ്. അവനെ കുട്ടിയായിരിക്കുമ്പോൾ മുതൽ കാണാൻ തുടങ്ങിയതാണ്. അവന് അപകടത്തിൽപ്പെട്ട് ഒരു വർഷത്തോളം അവൻ ഇല്ലാതിരുന്നതോടെ നല്ല വിഷമമുണ്ടായിരുന്നു.
അൻ തിരിച്ചുവന്നതിൽ സന്തോഷമുണ്ട്. സ്റ്റമ്പിന് പിന്നിൽ നിന്ന് അവന് നമ്മളെ ചിരിപ്പിക്കാൻ അനവധി വഴികളുണ്ട്. സ്വതസിദ്ധ ശൈലിയിൽ അവനത് ചെയ്യും. എപ്പോഴെങ്കിലും ചിരിക്കണമെന്ന് തോന്നിയാൽ, ഞാൻ അവനെ വിളിക്കും. അവൻ എന്തെങ്കിലും പറഞ്ഞ് നമ്മളെ ചിരിപ്പിക്കും”—രോഹിത് പറഞ്ഞു.