ഏപ്രിൽ 19, ലോക കരൾ ദിനം. കരളിനെ കുറിച്ചും, കരളിനെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചുമറിയാനും, കരളിന്റെ ആരോഗ്യം ഉറപ്പ് വരുത്തുന്നതിന് ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനുമാണ് കരളിനായി ഒരു ദിനം ആചരിക്കുന്നത്. “ജാഗ്രത പാലിക്കുക, പതിവായി കരൾ പരിശോധന നടത്തുക, ഫാറ്റി ലിവർ രോഗങ്ങൾ തടയുക“- എന്നതാണ് ഇത്തവണത്തെ പ്രമേയം.
തലച്ചോർ കഴിഞ്ഞാൽ ഏറ്റവും സങ്കീർണ്ണമായ പ്രവർത്തന ശൈലിയുള്ള അവയവങ്ങളിലൊന്നാണ് കരൾ. കഴിക്കുന്നതും കുടിക്കുന്നതുമായ മരുന്നും ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ളതെല്ലാം എത്തിച്ചേരുന്നതും കടന്ന് പോകുന്നതും കരളിലൂടെയാണ്. അതുകൊണ്ട് തന്നെ നാം പുലർത്തുന്ന ചെറിയ അശ്രദ്ധകൾ പോലും കരളിനെ കുഴപ്പത്തിലാക്കും.
കരളിന്റെ ആരോഗ്യവും ഊർജസ്വലതയും നിലനിർത്താൻ എന്തെല്ലാം ചെയ്യാനാകുമെന്ന് നോക്കാം..
ഭക്ഷണക്രമീകരണത്തിലൂടെ
കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളാണ് കരളിന്റെ ആരോഗ്യത്തെ പ്രധാനമായും സ്വാധീനിക്കുക. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് പോഷകവും ആനുപാതികവുമായ ഭക്ഷണക്രമം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് കരളിൽ കൊഴുപ്പുകളും മാലിന്യങ്ങളും അടിഞ്ഞുകൂടാൻ ഇടയാക്കും. പഴങ്ങൾ, പച്ചക്കറികൾ, മെലിഞ്ഞ പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമായ സമീകൃതാഹാരം കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഗുണദായകമാണ്.
മതിയായ ജലാംശം നിലനിർത്തുക
കരളിന്റെ ആരോഗ്യം ഉറപ്പാക്കാൻ ശരീരത്തിൽ മതിയായ ജലാംശം അത്യാവശ്യമാണ്. കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്ന വിഷവസ്തുക്കളെ പുറന്തള്ളാൻ ജലാംശം സഹായിക്കുന്നു. ജലത്തിന്റെ അളവ് കുറഞ്ഞാൽ ശരീരത്തിൽ അപകടകരമായ വിഷ വസ്തുക്കൾ അടിഞ്ഞുകൂടുകയും ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അത്തരം സങ്കീർണതകൾ തടയുന്നതിന്, ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഓരോ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
വ്യായാമം ശീലമാക്കുക
ആരോഗ്യം ഉറപ്പുവരുത്തുന്നതിനും കരളിനെ പരിപാലിക്കുന്നതിനും കൃത്യമായ വ്യായാമം ആവശ്യമാണ്. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ലഘൂകരിക്കുന്നതിനും കരളിന്റെ മൊത്തത്തിലുള്ള പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും വ്യായാമം അത്യന്താപേക്ഷിതമാണ്. യോഗ, വർക്ക്ഔട്ട്, രാവിലെയുള്ള നടത്തം എന്നിവ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നത് ഗുണം ചെയ്യും.
ലഹരിവസ്തുക്കൾ ഒഴിവാക്കുക
മദ്യപാനം കരളിന്റെ ആരോഗ്യത്തിന് നല്ലതല്ലെന്ന് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. മദ്യപാനം പോലെ തന്നെ കരളിനെ ബാധിക്കുന്ന മാരക വിപത്താണ് പുകവലിയും. സ്ഥിരമായ പുകവലി കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതും ഗുരുതരമായ കരൾ വീക്കത്തിന് കാരണമാകുകയും ക്യാൻസർ, ലിവർ സിറോസിസ് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനുപുറമെ കരൾ കോശങ്ങളെ നശിപ്പിക്കുന്ന രാസവസ്തുവായ സൈറ്റോകൈനുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സി ഉള്ളവരിലെ പുകവലി കരൾ ക്യാൻസറായ ഹെപ്പറ്റോസെല്ലുലാർ കാർസിനോമയുടെ സാധ്യത വർദ്ധിപ്പിക്കും.
പഞ്ചസാരയുടെ ഉപയോഗം ക്രമീകരിക്കുക
കരളിനെ കാക്കാൻ പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കണം. ഇത് കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗ സാധ്യത കൂട്ടാനും കാരണമാകും. കൃത്രിമ മധുരം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക. ഇതും കരളിന്റെ ആരോഗ്യത്തെ ഇല്ലതാക്കും. കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതും കരളിന്റെ ആരോഗ്യത്തിന് നല്ലതല്ല. പഞ്ചസാരയെ പോലെ തന്നെ ഉപ്പും നിയന്ത്രിക്കുക. സോഡിയം കൂടിയ അളവിൽ ഉള്ളിലെത്തിയാൽ ഫൈബ്രോസിസ് എന്ന അവസ്ഥയ്ക്ക് കാരണമാകും. ഒപ്പം കരൾ രോഗത്തിനും തുടക്കമാകും.