ന്യൂഡൽഹി: മൂന്നാം വട്ടവും അധികാരത്തിലെത്തുകയാണെങ്കിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു ജനാധിപത്യ രാജ്യത്തിനും വ്യക്തിനിയമങ്ങളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
” രാജ്യം ഭരിക്കേണ്ടത് ശരിയത്തിന്റെയോ വ്യക്തിനിയമങ്ങളുടെയോ അടിസ്ഥാനത്തിലാണോ? ഒരു രാജ്യവും അങ്ങനെ പ്രവർത്തിക്കുന്നില്ല. ഒരു ജനാധാപത്യ രാജ്യവും വ്യക്തിനിയമം നടപ്പാക്കുന്നില്ല. പിന്നെ എന്തിനാണ് ഇന്ത്യയിൽ മാത്രം അങ്ങനെ നടപ്പാകണമെന്ന് ആവശ്യപ്പെടുന്നത്. പല മുസ്ലീം രാജ്യങ്ങളും ശരിയത്ത് നിയമം പാലിക്കുന്നില്ല. കാലം ഒരുപാട് മുന്നോട്ട് പോയി. ഇന്ത്യയും അതുപോലെ തന്നെ മുന്നോട്ട് പോകണം.
എല്ലാ ജനാധിപത്യ രാജ്യങ്ങളിലും ഏകീകൃത സിവിൽ കോഡ് ഉണ്ട്. ഇന്ത്യയിലും അത് നടപ്പാക്കാനുള്ള സമയമായി. ഭരണഘടന രൂപീകരിക്കുമ്പോൾ ഭരണഘടനാ അസംബ്ലി രാജ്യത്തിന് നൽകിയ വാഗ്ദാനമാണ് ഏകീകൃത സിവിൽ കോഡ്. ഒരു മതേതര രാജ്യത്ത് എല്ലാവർക്കും ഒരു നിയമം അനുവദനീയമല്ലേ, മതേതരത്വത്തിന്റെ ഏറ്റവും വലിയ ലക്ഷണം അതാണ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് കോൺഗ്രസ് വിമർശനം ഉന്നയിക്കുന്നതെന്നും” അദ്ദേഹം പറഞ്ഞു.















