പൂരാവേശത്തിലായിരുന്നു ഇന്നലെത്തെ ദിനം. പതിവ് പോലെ പുലർച്ചെയുള്ള വെടിക്കെട്ടാഘോഷത്തിനായി പതിനായിരങ്ങളാണ് പൂരനഗരിയിൽ രാത്രിയോടെ തടിച്ചുകൂടിയത്. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായി പോലീസ് പൂരാഘോഷത്തിൽ ഇടപെട്ടത് വൻ പ്രതിഷേധങ്ങളിലേക്കും പ്രതിസന്ധികളിലേക്കുമാണ് വഴിവച്ചത്. ഒരു രാത്രി പൂരപ്രേമികളെയും കേരള ജനതയെയും വലച്ചു.
ഉത്സവപ്രേമികളെയും ഹൈന്ദവരെയും കാക്കിയുടെ മറവിൽ സർക്കാർ അവഹേളിക്കുന്നത് കണ്ടുനിൽക്കാൻ കഴിയുന്നതല്ലെന്നും ചൂണ്ടിക്കാട്ടി പോലീസിന്റെ ഗുണ്ടാ രാജിൽ പ്രതിഷേധിച്ച് തിരുവമ്പാടി വിഭാഗമാണ് രംഗത്തെത്തിയത്. രാത്രിപ്പൂരത്തിനിടെ പൊലീസിന്റെ ബലപ്രയോഗം അതിരുവിട്ടതോടെ പൂരം നിർത്തിവച്ചു. അലങ്കാര പന്തലിലെ ലൈറ്റുകൾ അണച്ചായിരുന്നു പ്രതിഷേധം. ഇതോടെ പഞ്ചവാദ്യക്കാർ വടക്കുംനാഥ ക്ഷേത്രനടയ്‌ക്ക് മുന്നിൽ വച്ചു പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. ചടങ്ങുകൾ മാത്രമായി നടത്തുമെന്ന് പിന്നാലെ തിരുവമ്പാടി വിഭാഗം അറിയിക്കുകയും ചെയ്തു.
പോലീസിന്റെ ഗുണ്ടായിസത്തിൽ പ്രതിഷേധിച്ച് അമ്പിനും വില്ലിനും അടുക്കാൻ തിരുവമ്പാടി വിഭാഗം തയ്യാറായിരുന്നില്ല. എന്നാൽ തൃശൂർ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചതും ചടങ്ങുകൾ പുനരാരംഭിച്ചതും. ദേവസ്വം ഭാരവാഹികളെ നേരിൽ കണ്ട് സംസാരിച്ചാണ് അദ്ദേഹം പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്. നീണ്ട ചർച്ചയ്‌ക്കൊടുവിൽ തിരുവമ്പാടി ദേവസ്വം ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് വെടിക്കെട്ട് നടത്തിയത്.