എവിടെ കളിക്കാൻ ഇറങ്ങിയാലും എം.എസ് ധോണിയെന്ന ഇന്ത്യയുടെ മുൻ നായകന് ലഭിക്കുന്ന ആരാധക പിന്തുണയും ബഹുമാനവും പകരം വയ്‌ക്കാനില്ലാത്തതാണ്. എതിരാളികളുടെ തട്ടകമാണെങ്കിൽ പോലും അക്കാര്യത്തിൽ മാറ്റമുണ്ടാകാറില്ല. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം തന്നെ ആരാധകർക്ക് ധാരാളം. ബാറ്റിംഗിനിറങ്ങുമ്പോൾ സ്റ്റേഡിയത്തിലെ ശബ്ദത്തിന്റെ ഡെസിബെൽ പോലും റെക്കോർഡിലേക്ക് ഉയരുന്നതും ഇപ്പോൾ സാധാരണമാണ്.
ലക്നൗവിനെതിരെ ഏകന സ്റ്റേഡിയത്തിലായിരുന്നു ചെന്നൈയുടെ കഴിഞ്ഞ മത്സരം. ഇതിൽ ചെന്നൈ
എട്ടു വിക്കറ്റിന് പരാജയപ്പെട്ടെങ്കിലും ആരാധക ഹൃദയം കീഴടക്കിയ മറ്റൊരു സംഭവമുണ്ടായി. മത്സര ശേഷം താരങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യുന്നതിനിടെ ധോണിയെത്തുമ്പോൾ തലയിലിരുന്ന തൊപ്പി ഊരിയ ശേഷമാണ് കെ.എൽ രാഹുൽ ഷേക്ക് ഹാൻഡ് നൽകിയത്.
ഇതിഹാസത്തോടുള്ള ആദരവ് പ്രകടമാക്കിയ പ്രവൃത്തിയെ സോഷ്യൽ മീഡിയ കൈയടിച്ചാണ് വരവേറ്റത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് വൈറലായി. നേരത്തെ പല യുവതാരങ്ങളും ധോണിയോടുള്ള ആദരവ് ഇത്തരത്തിൽ പ്രകടമാക്കിയിരുന്നു. ഈ ഐപിഎൽ സീസണിൽ മിന്നും ഫോമിലാണ് 42-കാരൻ.