കോഴിക്കോട്: കമ്പളക്കാട് ടൗൺ പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നും ഹെൽമെറ്റ് മോഷ്ടിച്ചയാളുടെ ചിത്രങ്ങൾ പുറത്തുവിട്ട് എംവിഡി. ഹെൽമെറ്റ് മോഷ്ടിച്ച പ്രതിയെ കണ്ടെത്തി തുടർ നടപടികൾ സ്വീകരിച്ചതായും എംവിഡി അറിയിച്ചു. ഇത് സംബന്ധിച്ച പോസ്റ്റും ഫേസ്ബുക്കിൽ എംവിഡി പങ്കുവച്ചിട്ടുണ്ട്.
‘കമ്പളക്കാട് ടൗൺ പരിസരത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനത്തിൽ നിന്നു ഹെൽമെറ്റ് മോഷ്ടിച്ചയാളെ വയനാട് ആർ ടി ഒ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ കണ്ടെത്തി. ഹെൽമെറ്റ് ഉടമയായ യുവാവ് സി സി ടി വി ദൃശ്യ സഹിതം പോലീസിനെ സമീപിച്ചെങ്കിലും രജിസ്ട്രേഷൻ നമ്പർ വ്യക്തമാകാത്തതിനാൽ അന്വേഷണം വഴിമുട്ടുകയായിരുന്നു.
തുടർന്ന് പരാതിക്കാരൻ ആർ ടി ഒ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. തുടർന്ന് അസി.എംവിഐമാരായ ടി എ സുമേഷ്, കെ സി സൗരഭ് എന്നിവർ സംഭവസ്ഥലത്തിന്റെ പരിസരത്തുള്ള എഐ ക്യാമറ ചലാൻ ലിസ്റ്റുകൾ വിശദമായി പരിശോധിച്ച ശേഷം ഹെൽമെറ്റില്ലാതെ വന്ന സ്കൂട്ടർ യാത്രികരെ തിരിച്ചറിയുകയായിരുന്നു.
തുടർന്ന് വിവരങ്ങൾ പോലീസിന് കൈമാറുകയും പ്രതിയെ പോലീസ് കണ്ടെത്തി തുടർ നടപടി സ്വീകരിക്കുകയും ചെയ്തു. കോഴിക്കോട് സ്വദേശിയുടേതാണ് സ്കൂട്ടർ. അദ്ദേഹത്തിന്റെ കൂട്ടുകാരാണ് സ്കൂട്ടറുമായെത്തി മോഷണം നടത്തിയത്. വാഹനം സുഹൃത്തുക്കൾക്ക് കൊടുക്കുന്നവർ ശ്രദ്ധിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.’- എംവിഡി പോസ്റ്റ് ചെയ്തു.