ടി20 ലോകപ്പിൽ കളിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി ഇന്ത്യൻ വെറ്ററൻ താരം ദിനേശ് കാർത്തിക്. 38-കാരനായ താരം കമന്ററിക്ക് താത്കാലിക അവധി നൽകിയാണ് ഐപിഎൽ കളിക്കാനെത്തിയത്. ആർ.സി.ബിക്കായി ഫിനിഷർ റോളിൽ കളിക്കുന്ന കാർത്തിക് മിന്നും ഫോമിലാണ്. അവസാന മത്സരത്തിൽ സൺറൈസേഴ്സിനെതിരെ വിസ്ഫോട ബാറ്റിംഗ് കാഴ്ചവച്ച തമിഴ് നാട് ബാറ്റർ 35 പന്തിൽ 83 റൺസാണ് അടിച്ചുകൂട്ടിയത്. ലോകകപ്പ് തുടങ്ങുമ്പോൾ താരം 39 പിന്നിടും
എന്നാൽ 2022 ടി20 ലോകകപ്പിൽ ദിനേശ് കാർത്തിക് നിരാശപ്പെടുത്തിയിരുന്നു.4 മത്സരങ്ങളില്‍ നിന്ന് 14 റണ്‍സ് മാത്രമാണ് നേടിയത്. തനിക്ക് ലോകകപ്പ് കളിക്കാന്‍ വളരെയേറെ താത്പ്പര്യമുണ്ട്. ടി20 ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനേക്കാള്‍ വലുതായി ജീവിതത്തില്‍ വേറാന്നുമില്ലെന്നാണ് ആർ.സി.ബി താരം പറയുന്നത്.
” ജീവിതത്തിലെ ഈ ഘട്ടത്തില്‍, ഇന്ത്യയെ പ്രതിനിധീകരിക്കാനായാൽ അത് ഏറ്റവും വലിയ കാര്യമാണ്. എനിക്ക് ലോകകപ്പ് കളിക്കാന്‍ വളരെയേറെ താത്പ്പര്യമുണ്ട്. ഈ ടി20 ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനേക്കാള്‍ വലുതായി ജീവിതത്തില്‍ വേറാന്നുമില്ല.
എന്നാല്‍ തീരുമാനിക്കുന്നത് ഞാനല്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ സെലക്ടർ അജിത് അഗാര്‍ക്കര്‍, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവരാണ്. അവരുടെ തീരുമാനം എന്തായാലും അതിനെ മാനിക്കും. ഞാന്‍ നൂറ് ശതമാനവും റെഡിയാണ്, ടി20 ലോകകപ്പില്‍ ഉള്‍പ്പെടാന്‍ ഞാന്‍ കഴിയുന്നതെല്ലാം ചെയ്യും.” കാര്‍ത്തിക് പറഞ്ഞു.
അതേസമയം വിക്കറ്റ് കീപ്പർ ബാറ്റർമാരുടെ പട്ടികയിൽ വലിയൊരു ക്യൂ തന്നെയുണ്ട്. മലയാളി താരം സഞ്ജു സാംസൺ, മുംബൈ താരം ഇഷാൻ കിഷൻ, കെ.എൽ രാഹുൽ, ജിതേഷ് ശർമ്മ ഇവരെല്ലാം ഒരു വിളിക്കപ്പുറത്തുണ്ട്. കാർത്തിക്കിന് ഒരു പക്ഷേ തുണയാകുന്നത് പരിചയ സമ്പത്തായിരിക്കും.















