ഇന്ന് ലോക ഭൗമ ദിനം. ഈ വർഷം 52-ാമത് ലോക ഭൗമ ദിനമാണ് ആചരിക്കുന്നത്. ‘പ്ലാനറ്റ് വേർസസ് പ്ലാസ്റ്റിക്’ (Planet vs. Plastic) എന്നതാണ് ഇത്തവണത്തെ പ്രമേയം. ഭൂമിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ഗവേഷകർ ശേഖരിച്ച മഴ വെള്ളത്തിൽ പ്ലാസ്റ്റിക്കിന്റെ നാനോ കണങ്ങൾ കണ്ടെത്തിയ വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. ഭൂമിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്കിനെതിരെയാകണം ഇനിയുള്ള പോരാട്ടം.
ഭൂമി നമ്മുടെ അമ്മയാണ്. അതിനെ സംരക്ഷിക്കാനായി ഓരോരുത്തരുടെയും ശ്രദ്ധയും പരിചരണവും ആവശ്യമാണെന്ന് ഓർമ്മിപ്പിക്കുകയാണ് ഇന്നേ ദിനത്തിൽ ഗൂഗിളും. പ്രകൃതി ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളും സമ്പന്നമായ ജൈവവൈവിധ്യവും പ്രദർശിപ്പിക്കുന്ന അതിമനോഹരമായ ആകാശ കാഴ്ചകളാണ് ഗൂഗിൾ ഡൂഡിലിൽ പങ്കുവച്ചിരിക്കുന്നത്. വരും തലമുറയ്ക്കായി ഭൂമിയിലെ ഈ നിധികൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഇന്നത്തെ ഗൂഗിൾ ഡൂഡിൽ.
ലോകത്തിന്റെ പല ഭാഗങ്ങളെയാണ് ഡൂഡിൽ ആവിഷ്കരിച്ചിരിക്കുന്നത്. പ്രകൃതിയെയും ജൈവ വൈവിധ്യങ്ങളെയും സംരക്ഷിക്കാൻ ജനങ്ങളും സർക്കാരുകളും സംഘടനകളും മറ്റും സദാ പ്രവർത്തിക്കുന്നു. ഈ ഉദാഹരണങ്ങൾ പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും നൽകുന്നുവെന്നും അതേസമയം കാലാവസ്ഥാ പ്രതിസന്ധിയും ജൈവവൈവിധ്യ നഷ്ടവും പരിഹരിക്കാൻ ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്ന ഓർമ്മിപ്പെടുത്തലുമാണ് ഡൂഡിൽ വഴി ലോകത്തെ അറിയിക്കുന്നതെന്ന് ഗൂഗിൾ വെബ്സൈറ്റിൽ പറയുന്നു.
ആറ് വ്യത്യസ്ത ചിത്രങ്ങൾ ചേർന്നാണ് GOOGLE എന്ന് പ്രദർശിപ്പിച്ചിരിക്കുന്നത്. ഓരോ അക്ഷരങ്ങളും ഭൗമ സംരക്ഷണ പ്രയത്നത്തെയാണ് അവതരിപ്പിക്കുന്നത്. ടർക്സ്, കെയ്കോസ് ദ്വീപുകളെയാണ് ‘G’ എന്ന അക്ഷരം സൂചിപ്പിക്കുന്നത്. ജൈവവൈവിധ്യവും സമ്പന്നമായ പ്രകൃതിവിഭവങ്ങളും ഈ ദ്വീപുകളുടെ പ്രത്യേകതയാണ്. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പേരുകേട്ടതാണ് ടർക്സ് ആൻ്റ് കെയ്കോസ് ദ്വീപുകൾ.
മെക്സിക്കോയിലെ തെക്കൻ ഉൾക്കടലിലെ ഏറ്റവും വലിയ പവിഴപ്പുറ്റായ സ്കോർപിയോൺ റീഫ് നാഷണൽ പാർക്കിലെ ചിത്രമാണ് ‘O’-യിൽ അവതരിപ്പിച്ചിരിക്കുന്നത്. പവിഴപ്പുറ്റുകളെയും വംശനാശഭീഷണി നേരിടുന്ന പക്ഷികളെയും ആമകളെയും ഇവിടെ സംരക്ഷിച്ച് പോരുന്നു. യുനസ്കോയുടെ പട്ടികയിലും ഇവിടം പേരു കേട്ടിട്ടുണ്ട്.
ഐസ്ലൻഡിലെ Vatnajökull National Park-നെയാണ് രണ്ടാമത്തെ ‘O’ പ്രതിനിധീകരിക്കുന്നത്. യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ഈ ദേശീയോദ്യാനം യൂറോപ്പിലെ ഏറ്റവും വലിയ ഹിമാനിയുടെ ചുറ്റുനുള്ള ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നു. അഗ്നിപർവ്വതങ്ങളുടെയും ഹിമാനികളുടെയും മിശ്രിതം അപൂർവ പ്രകൃതിദൃശ്യങ്ങളും സസ്യജാലങ്ങളും സൃഷ്ടിക്കുന്നു.
ബ്രസീലിലെ Jaú ദേശീയോദ്യാനത്തിനെയാണ് രണ്ടാമത്തെ ‘G’യിലൂടെ പ്രദർശിപ്പിക്കുന്നത്. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ വന സരംക്ഷണ കേന്ദ്രങ്ങളിലൊന്നാണ് ഇത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഇത് ഇടം നേടിയിട്ടുണ്ട്. ആമസോൺ മഴക്കാടുകളുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇത് മാർഗേ, ജാഗ്വാർ, ഭീമൻ ഒട്ടർ, ആമസോണിയൻ മനാറ്റി എന്നിവയുൾപ്പെടെയുള്ള ഒരു വലിയ വർഗ്ഗത്തെ സംരക്ഷിച്ച് പോരുന്നു.
മരങ്ങളും സസ്യങ്ങളും നട്ടുവളർത്തി ഭൂമിയെ കൂടുതൽ ഹരിതമാക്കുന്ന നൈജീരിയയിലെ ഗ്രേറ്റ് ഗ്രീൻ വാൾ ആണ് ‘L’ എന്ന അക്ഷരത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ആഫ്രിക്കൻ യൂണിയന്റെ നേതൃത്വത്തിലാണ് ഫലഭൂയിഷ്ഠത നഷ്ടപ്പെട്ട ഇടങ്ങളിൽ പച്ചപ്പ് പരത്തുന്നത്.
ഓസ്ട്രേലിയയിലെ പിൽബാരാ ഐലൻഡ് നേച്ചർ റിസേർവ്സ് ആണ് ‘E’ എന്ന അക്ഷരത്തിലൂടെ പ്രദർശിപ്പിച്ചിരിക്കുന്നത്.
ദുർബലമായ ആവാസവ്യവസ്ഥകൾ, വംശനാശഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങൾ എന്നിവ സംരക്ഷിക്കാൻ സഹായിക്കുന്ന ഓസ്ട്രേലിയയിലെ 20 പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണ് ഇത്.
പരിസ്ഥിതി അവബോധവും സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 1970 ഏപ്രിൽ 22 മുതൽ അമേരിക്കയിലാണ് ‘ഭൂമിക്കായി ഒരു ദിനം’ ആചരിച്ച് തുടങ്ങിയത്. അമേരിക്കയിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകനും അമേരിക്കൻ സെനറ്ററുമായിരുന്ന ഗെയിലോഡ് നെൽസണാണ് ആദ്യമായി ഭൗമദിനാചരണത്തിന് തുടക്കം കുറിച്ചത്. അമേരിക്കയിൽ ഉത്തരാർദ്ധ ഗോളത്തിൽ വസന്തകാലവും, ദക്ഷിണാർദ്ധ ഗോളത്തിൽ ശരത്കാലവും തുടങ്ങുന്ന ദിവസമാണ് ഏപ്രിൽ 22. അന്നേ ദിനമാണ് ലോകമെമ്പാടും ഭൗമ ദിനം ആചരിക്കുന്നത്.