വേനൽക്കാലത്ത് തണുപ്പുള്ള ആഹാര പദാർത്ഥങ്ങൾ കഴിക്കുന്നതാണ് ശരീരത്തിന് ഏറ്റവും ഗുണകരം. ശരീരത്തിൽ ചൂട് കൂടുമ്പോൾ തണുത്ത ആഹാരങ്ങൾ കഴിക്കുന്നത് അത്യുത്തമമാണ്. നിർജ്ജലീകരണം തടയാനും സുഖമമായ ദഹനപ്രക്രിയയ്‌ക്കും ചർമകാന്തിക്കും തണുത്ത ആഹാര പദാർത്ഥങ്ങൾ കഴിക്കാവുന്നതാണ്. വേനൽക്കാലത്ത് കഴിക്കാൻ ഉത്തമമായ ആഹാരങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
തണ്ണിമത്തൻ
വേനൽക്കാലത്ത് കഴിക്കാൻ ഉത്തമമായ പഴ വർഗമാണ് തണ്ണിമത്തൻ. 92 ശതമാനം ജലാശം അടങ്ങിയിട്ടുള്ളതിനാൽ ഇത് ശരീരത്തിന് തണുപ്പും ഉന്മേഷവും പ്രദാനം ചെയ്യുന്നു. അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്ന ആൻ്റിഓക്‌സിഡൻ്റായ ലൈക്കോപീൻ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്.
ബീറ്റ്റൂട്ടും, ക്യാരറ്റും
ചൂട് സമയത്ത് കഴിക്കാവുന്ന പച്ചക്കറി ഇനമാണ് ബീറ്റ്റൂട്ടും, ക്യാരറ്റും. പോഷകമൂല്യങ്ങളാൽ സമ്പന്നമാണിവ. ഇത് ജ്യൂസായും സലാഡായും കഴിക്കാവുന്നതാണ്. ശരീരത്തിലെ ചൂട് പാടെ അകറ്റാൻ ഇവ സഹായിക്കുന്നു.
കരിക്കിൻ വെള്ളം
വേനൽക്കാലത്ത് വഴിയോരങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതാണ് കരിക്കിൻ ജ്യൂസ് കച്ചവടം. ശരീരത്തിൽ ജലാംശം നിലനിർത്തുന്ന നിരവധി പോഷകഘടകങ്ങൾ കരിക്കിൻ വെള്ളത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഇലക്‌ട്രോലൈറ്റുകളും ഇവയിൽ അടങ്ങിയിരിക്കുന്നു.
സലാഡുകൾ
ശരീരത്തിന് ജലാംശം നിലനിർത്തുന്ന പച്ചക്കറികളായ ചീര, തക്കാളി, ക്യാരറ്റ് എന്നിവ ഉപയോഗിച്ച് സലാഡ് ഉണ്ടാക്കി ദിവസവും കഴിക്കാവുന്നതാണ്. ഇത് ശരീരത്തിന്റെ നിർജ്ജലീകരണം ഇല്ലാതാക്കി ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
പുതിന
ശരീരത്തിന് ജലാംശം നിലനിർത്തുന്ന സസ്യമാണ് പുതിനയില. പുതിന ദിവസവും കഴിക്കുന്നത് ശരീരത്തിന് വളരെയധികം പ്രയോജനം ചെയ്യുന്നു. ഇത് ദഹനം സുഖപ്രദമാക്കാനും ശരീരത്തിലെ ചൂട് കുറയ്‌ക്കാനും സഹായിക്കും. ഇവ വെള്ളത്തിൽ ചേർത്ത് കഴിക്കാവുന്നതാണ്.