യുഎസിനു പിന്നാലെ കേരളത്തിൽ ആലപ്പുഴ ജില്ലയിലും പക്ഷിപ്പനിയുടെ വ്യാപനം സ്ഥിരീകരിച്ചിരിക്കുകയാണ്. കോവിഡ് ഭീതി വിട്ടൊഴിയും മുന്നേയാണ് അടുത്ത പകർച്ചവ്യാധി വരവറിയിച്ചിരിക്കുന്നത്. H5N1 വൈറസുകളാണ് പക്ഷിപ്പനി പടർത്തുന്നത്. യുഎസിൽ പക്ഷിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന സംസകരിക്കാത്ത പാലിൽ H5N1 വൈറസുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇത് പാൽ, ചിക്കൻ, മുട്ട എന്നിവയുടെ ഉപഭോഗം സുരക്ഷിതമാണോ എന്ന ആശങ്ക ഉയർത്തിയിരിക്കുകയാണ്.
രോഗബാധിതരായ പക്ഷികളുമായോ അവയുടെ സ്രവങ്ങളുമായോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് പക്ഷിപ്പനി പകരുന്നത്. ഈ രോഗം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുമെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ അടുത്തിടെ അമേരിക്കയിലെ ടെക്സസിൽ, പശുവിൽ നിന്നും മനുഷ്യനിലേക്ക് ബാധിച്ച ആദ്യത്തെ H5N1 പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1996 ൽ തന്നെ ഈ വൈറസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും 2020 മുതലാണ് പക്ഷികളിലും സസ്തനികളിലും വലിയതോതിലുള്ള പക്ഷിപ്പനിയുടെ വ്യാപനമുണ്ടാകുന്നത്. ഇത്തവണ പശുക്കളിലും ആടുകളിലും വരെ രോഗവ്യാപനം ഉണ്ടായിട്ടുണ്ട്.
അതേസമയം മുട്ട, പാൽ, ചിക്കൻ എന്നിവയുടെ ഉപഭോഗം സുരക്ഷിതമാണോ എന്ന ചോദ്യവും പ്രസക്തമാണ്. ഇവയുടെ ഉപഭോഗത്തിൽ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്. സംസ്‌കരിക്കാത്ത പാൽ ഒട്ടും സുരക്ഷിതമല്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പാസ്ചറൈസ്ഡ് ആയിട്ടുള്ള പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുന്നതാണ് ഉത്തമം. അതുപോലെ തന്നെ പൂർണമായി പാകം ചെയ്യാത്ത മുട്ട കഴിക്കുന്നത് ഒഴിവാക്കുക. മുട്ട ഉപയോഗിച്ചുള്ള പാചകങ്ങൾക്ക് ശേഷം കൈകൾ കഴുകി വൃത്തിയായി സൂക്ഷിക്കുക. മുട്ടയിൽനിന്നും പാലിൽ നിന്നുമുള്ള പക്ഷിപ്പനിയുടെ വ്യാപനസാധ്യത വളരെ കുറവാണെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.