തൃശൂർ: പൂരത്തിന് തടസമുണ്ടാക്കിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ അതിൽ അന്വേഷണം വേണമെന്ന് സുരേഷ് ഗോപി. പൂരത്തിന് സംഭവിച്ചതത്രയും കമ്മീഷണറെക്കൊണ്ട് മാത്രം നടക്കില്ല. മുകളിൽ നിന്നും കൃത്യമായ നിർദേശം ഉണ്ടായിട്ടുണ്ടാകണം, എങ്കിലേ ഇത്തരത്തിൽ പ്രവർത്തിക്കാൻ കമ്മീഷണർക്ക് സാധിക്കൂവെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
“എന്തൊക്കെ സംഭവിച്ചു, മാദ്ധ്യമങ്ങൾ പുറത്തു വിട്ട ദൃശ്യങ്ങളിൽ എല്ലാമുണ്ട്. രാമന്റെ കുട തടയുന്നതുൾപ്പടെ എല്ലാവരും കണ്ടുകഴിഞ്ഞു. പൂരം ദിനത്തിൽ എഡിജിപി തൃശൂരിൽ ഉണ്ടായിരുന്നോ എന്നത് അറിയില്ല. അദ്ദേഹത്തെ ഞാൻ പലതവണ വിളിച്ചിരുന്നു, ഫോൺ എടുത്തില്ല. വിഷയത്തിൽ ഞാനും ഇടപെടേണ്ടി വന്നു. തിരുവമ്പാടിക്കാർ മിടുക്കരാണ്. അവർ കൃത്യമായ തീരുമാനമെടുത്തു. വൈകിയെങ്കിലും വെടിക്കെട്ട് നടന്നു. പോലീസിന്റെ ഇടപെടൽ ആവശ്യമാണ്. എന്നാൽ നേരത്തെയും തൃശൂരിൽ പൂരം നടന്നിട്ടുണ്ട്. അന്നൊന്നും ഇങ്ങനെ സംഭവിച്ചിട്ടില്ല. പൂരം നടത്തിപ്പിൽ വന്ന പ്രതിസന്ധിയിൽ ശക്തമായ ജുഡീഷ്യൽ അന്വേഷണം നടക്കുക തന്നെ വേണം. ഭംഗം വരുത്തിയതിന് പിന്നിൽ ആരാണെന്നത് കണ്ടെത്തണം.” സുരേഷ് ഗോപി പറഞ്ഞു.
പൂരം കലക്കിയതിന്റെ ഉത്തരവാദിത്വം കമ്മീഷണർ അങ്കിത് അശോകന്റെ ചുമലിലിട്ട് കൈ കഴുകാനാണ് ഇടതുമുന്നണി ശ്രമിച്ചത്. നിയന്ത്രണങ്ങൾ കടുപ്പിച്ച് പൂരം കുളമാക്കാൻ കമ്മീഷണർക്ക് നിർദേശം നൽകിയത് ആരാണെന്ന് കണ്ടെത്തണമെന്നാണ് പൂരപ്രേമികൾ ഒന്നാകെ ആവശ്യപ്പെടുന്നത്.