പൂനെ: സഞ്ചരിക്കുന്ന പൂന്തോട്ടം. ഒറ്റവാക്കിൽ പറഞ്ഞാൽ അതാണ് പൂനെ സ്വദേശി ഗണേഷ് നാനേക്കറുടെ ഓട്ടോറിക്ഷ. ചെടികളോടുള്ള ഗണേഷിന്റെ അതിയായ സ്നേഹമാണ് ഓട്ടോറിക്ഷയിൽ ഇങ്ങനൊരു പൂന്തോട്ടത്തിന്റെ സൃഷ്ടിക്ക് പിന്നിൽ. പൂന്തോട്ടപരിപാലനം ഗണേഷിനെ സംബന്ധിച്ചിടത്തോളം ഒരു വിനോദമാണ്.
ഓട്ടോറിക്ഷയിൽ മാത്രമല്ല വീട്ടിലും ഗണേഷും ഭാര്യയും ചേർന്ന് ധാരാളം ചെടികൾ വളർത്തുന്നുണ്ട്. ആദ്യമായി ഓട്ടോറിക്ഷയിൽ രണ്ട് ചെറിയ മണി പ്ലാന്റുകളാണ് വളർത്തിയത്. അന്ന് യാത്രക്കാരിൽ നിന്നും നല്ല അഭിപ്രായമാണ് ലഭിച്ചത്. ഇത് കൂടതൽ ചെടികൾ ഓട്ടോറിക്ഷയിൽ വളർത്താൻ ഗണേഷിന് പ്രചോദനമായി. പല ഇനത്തിലുള്ള റോസാ ചെടികൾ വിവിധ വർണ്ണത്തിലുള്ള ഇല ചെടികൾ എന്നിങ്ങനെ കണ്ണിനു കുളിർമയേകുന്ന നിരവധി പൂച്ചെടികൾ ഓട്ടോറിക്ഷയിലുണ്ട്.
കാഴ്ചയിലെ കൗതുകത്തിനപ്പുറം ഈ പൂന്തോട്ടം കൊണ്ട് വേറെയും നേട്ടങ്ങളുണ്ടെന്നാണ് ഗണേഷ് പറയുന്നത്. ഈ ചൂടുകാലത്ത് വാഹനങ്ങളിൽ യാത്രചെയ്യുന്നവർക്ക് ചൂടുകാറ്റും വെയിലും കാരണം ബുദ്ധിമുട്ടാറുണ്ട്. എന്നാൽ ഗണേഷിന്റെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നവർക്ക് ഈ ബുദ്ധിമുട്ടില്ല. തണുത്ത കാറ്റും പൂക്കളുടെ സുഗന്ധവും ആസ്വദിച്ച് യാത്ര ചെയ്യാം. ചെടികൾ പ്രകൃതിദത്തമായ ഒരു ശീതീകരണ സംവിധാനമായി പ്രവർത്തിക്കുന്നുവെന്ന് ഗണേഷ് പറയുന്നു. മറ്റുള്ളവർ ഒഴിവുവേളകൾ ഫോണിലും ചായയിലും ഒതുക്കുമ്പോൾ ഗണേഷ് തന്റെ ചെടികളെ പരിപാലിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു. ഗണേഷിന്റെ സഞ്ചരിക്കുന്ന പൂന്തോട്ടം ഒരേസമയം ആളുകൾക്ക് സന്തോഷവും സന്ദേശവും നൽകുന്നുണ്ട്.















