സന്ദീപ് ശർമ്മയും ബോൾട്ടും ചേർന്ന് തകർത്ത മുംബൈ ഇന്ത്യൻസിനെ കൈപിടിച്ചുയർത്തി തിലക് വർമ്മ- നേഹൽ വധേര സഖ്യം. നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് അതിഥികൾ നേടിയത്. നാലിന് 52 എന്ന നിലയിൽ തരിപ്പണമായ മുംബൈയെ ആണ് അഞ്ചാം വിക്കറ്റിൽ 52 പന്തിൽ 99 റൺസ് ചേർത്ത് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ഐപിഎല്ലിൽ 1000 റൺസെന്ന നേട്ടം പിന്നിട്ട തിലക് വർമ്മയാണ് മുംബൈയുടെ ടോപ് സ്കോറർ. വധേര അർദ്ധ സെഞ്ച്വറിക്ക് ഒരു റൺസ് അകലെ വീണെങ്കിലും തിലക് മുംബൈക്കായി പോരാട്ടം നയിച്ചു. 45 പന്തിൽ 65 റൺസെടുത്ത താരം അവസാന ഓവറിലാണ് പുറത്താകുന്നത്.
രോഹിത്(6),ഇഷാൻ കിഷൻ(0), സൂര്യകുമാർ(10),ഹാർദിക്(10) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ മുഹമ്മദ് നബി(23) ഭേദപ്പെട്ട പ്രകടനം നടത്തി.വാലറ്റക്കാരെ കൂടാരം കയറ്റി സന്ദീപ് ശർമ്മയാണ് മുംബൈയെ വൻ സ്കോർ നേടുന്നതിൽ നിന്ന് പ്രതിരോധിച്ചത്. നാലോവറിൽ 18 റൺസ് മാത്രം വിട്ടുനൽകി സന്ദീപ് 5 വിക്കറ്റെടുത്തപ്പോൾ ബോൾട്ടിന് രണ്ടും ആവേശ് ഖാനും യുസ്വേന്ദ്ര ചാഹലിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.