ആഗ്ര: ഭഗവാൻ ശ്രീരാമന്റെ അസ്തിത്വത്തിന്റെ പേരിൽ സംശയം ഉന്നയിച്ച പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഫത്തേപൂർ സിക്രിയിൽ തെരഞ്ഞെടുപ്പ് പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത് കൊണ്ടായിരുന്നു കോൺഗ്രസ്, എസ്പി, ബിഎസ്പി തുടങ്ങിയ പാർട്ടികൾക്കെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചത്.
” രാമനവമി ദിവസം നിങ്ങൾ ഓരോരുത്തരും ‘സൂര്യ തിലക്’ കണ്ടിട്ടുണ്ടായിരിക്കും. മറുവശത്ത് കോൺഗ്രസും എസ്പിയും ബിഎസ്പിയും ഉണ്ടായിരുന്നു. ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയിൽ ജനിച്ചതിന്റെ തെളിവുകൾ ഈ പാർട്ടിക്കാർ ഞങ്ങളോട് ചോദിച്ചു. അവർ പറയുന്ന നുണകൾ മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അവരുടെ വ്യാജപ്രചരണങ്ങളെല്ലാം പരാജയപ്പെട്ടു. 500 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാംലല്ലയുടെ ക്ഷേത്രം നിർമ്മിച്ചു. ലക്ഷക്കണക്കിന് ഭക്തർ ദിവസവും രാംലല്ലയെ ദർശിക്കാനായി ഇവിടേക്ക് ഒഴുകിയെത്തുകയാണ്.
ജനങ്ങളുടെ വികസനം ലക്ഷ്യമിട്ട് കൊണ്ട് പ്രവർത്തിക്കുന്ന ഇരട്ട എഞ്ചിൻ സർക്കാരാണ് ഇവിടെ ഉള്ളത്. വീടുകളിൽ ശുദ്ധമായ കുടിവെള്ളം എത്തിക്കാൻ ലക്ഷ്യമിട്ട് കൊണ്ട് നടപ്പാക്കിയ ഹർ ഘർ ജൽ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിച്ചു. അടിസ്ഥാന സൗകര്യ മേഖലയിൽ വലിയ വികസനമാണ് 2014ന് ശേഷം രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
2014ന് ശേഷം രാജ്യത്തെ ഹൈവേകളുടെയും വിമാനത്താവളങ്ങളുടെയും എണ്ണം ഇരട്ടിയായി. 2014 വരെ 74 എയർപോർട്ടുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അത് 150ലധികമായി ഉയർന്നു. ഇന്ന് രാജ്യത്ത് 22 എയിംസുകൾ ഉണ്ട്. സമസ്ത മേഖലകളിലും രാജ്യം നേടിയ കുതിപ്പ് ജനങ്ങൾക്ക് കാണാനാകുമെന്നും” യോഗി ആദിത്യനാഥ് പറഞ്ഞു.