പട്ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ചിന്താഗതിയാണെന്ന വിമർശനവുമായി ബിജെപി എംപി രവിശങ്കർ പ്രസാദ്. വോട്ട് പിടിക്കാൻ കോൺഗ്രസ് ഏതറ്റം വരെയും പോകും എന്നതിന്റെ തെളിവാണ് ന്യൂനപക്ഷങ്ങളെ കുറിച്ചുള്ള പ്രസ്താവനയെന്നും രവിശങ്കർ പ്രസാദ് വിമർശിച്ചു.
” പ്രകടനപത്രികയിൽ 17 തവണയോളം ന്യൂനപക്ഷങ്ങളെ കുറിച്ച് പറയുന്നുണ്ട്. രാജ്യത്തെ വിഭവങ്ങളിൽ ആദ്യ അവകാശം ന്യൂനപക്ഷങ്ങൾക്കാണെന്നാണ് മൻമോഹൻ സിംഗ് പറഞ്ഞത്. ആന്ധ്രാപ്രദേശിൽ മുസ്ലീങ്ങൾക്ക് കൂടുതൽ സംവരണം നൽകുന്നതിനായി കോൺഗ്രസ് എസ്സി, എസ്ടി സംവരണം വെട്ടിക്കുറച്ചു. മതത്തിന്റെ അടിസ്ഥാനത്തിലെടുത്ത ഈ തീരുമാനം രണ്ട് തവണയാണ് ഹൈക്കോടതി റദ്ദാക്കിയത്
കോൺഗ്രസും ഇൻഡി സഖ്യവുമെല്ലാം വോട്ട് പിടിക്കാൻ ഏതറ്റം വരെയും പോകുമെന്ന് തെളിഞ്ഞിരിക്കുകയാണ്. മറുവശത്ത് ആകട്ടെ ജാതിമത ഭേദമന്യേ എല്ലാവരേയും ഒരേപോലെ ചേർത്തു പിടിക്കുന്ന നരേന്ദ്രമോദിയുടെ സർക്കാരാണ് ഉള്ളത്. എന്തിനും ഏതിനും മതം ചികഞ്ഞ് കണ്ടുപിടിക്കുന്ന രാഹുലിന് മാവോയിസ്റ്റ് ചിന്താഗതിയാണുള്ളത്.
രാജ്യം ഇന്ന് വികസനത്തിന്റെ പാതയിലാണ് മുന്നേറുന്നത്. എന്നാൽ അതിനെ കുറിച്ച് സംസാരിക്കാൻ പ്രതിപക്ഷ നേതാക്കൾ തയ്യാറാകുന്നില്ല. മറിച്ച് വ്യാജ പ്രചരണങ്ങളിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാൽ രാജ്യത്ത് സംഭവിക്കുന്ന വികസന പ്രവർത്തനങ്ങളെ കുറിച്ച് ജനങ്ങൾ ബോധവാന്മാരാണ്. കോൺഗ്രസിന്റെ നുണ പ്രചരണങ്ങളെ അവർ തള്ളിക്കളയുക തന്നെ ചെയ്യുമെന്നും” രവിശങ്കർ പ്രസാദ് പറഞ്ഞു.















