കാനഡയിലെ ടൊറാന്റോയിൽ നടന്ന 2024 ലെ ഫിഡെ കാൻഡിഡേറ്റ്‌സ് ചെസ് ടൂർണമെന്റിന്റെ ആവേശകരമായ ഫൈനൽ റൗണ്ടിൽ യുഎസിന്റെ ഹിക്കാറു നകാമുറയെ സമനിലയിൽ തളച്ച് ചാമ്പ്യനായി മാറിയ 17 കാരൻ. ഇന്ത്യയുടെ കൗമാര ചെസ് പ്രതിഭാസം ഡി ഗുകേഷ്. ഇതോടെ ലോക ചാമ്പ്യൻഷിപ്പ് കിരീടത്തിനുള്ള ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായി മാറി ദൊമ്മരാജു ഗുകേഷ് എന്ന ഡി ഗുകേഷ്. ചരിത്രനേട്ടം കുറിക്കാൻ നകാമുറയ്‌ക്കെതിരെ സമനില മതിയെന്നിരിക്കെ 14 പോയിന്റിൽ ഒമ്പതും നേടുകയായിരുന്നു ഗുകേഷ്.
ജനനവും ചെസിലെ ആദ്യപാഠങ്ങളും:
2006 മെയ് 29 ന് ചെന്നൈയിലെ ഒരു തെലുങ്ക് കുടുംബത്തിലാണ് ഗുകേഷ് ജനിക്കുന്നത്. ചെന്നൈയിലെ മേൽ അയനമ്പാക്കത്തിലെ വേലമ്മാൾ വിദ്യാലയിലാണ് ഗുകേഷ് പഠനത്തോടൊപ്പം ചെസിലെ ആദ്യപാഠങ്ങളും പഠിക്കുന്നത്. ആദ്യ പരിശീലകനായ ഭാസ്‌കർ ആറുമാസത്തിനുള്ളിൽ ഗുകേഷിന്റെ കഴിവുകൾ മനസ്സിലാക്കിയിരുന്നു. പിന്നീട് പരിശീലകനായ വിജയാനന്ദിന്റെ കീഴിലാണ് ഗുകേഷ് അന്താരാഷ്‌ട്ര രംഗത്ത് വിജയം കൈവരിക്കാൻ തുടങ്ങിയത്.
തുടർച്ചയായുള്ള നേട്ടങ്ങൾ :
2015 ൽ ഏഷ്യൻ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പിലെ അണ്ടർ 9 വിഭാഗത്തിൽ ജേതാവായതോടെയാണ് ഗുകേഷ് ജനശ്രദ്ധനേടുന്നത്. തുടർന്ന് 2018 ൽ 12 വയസ്സിൽ താഴെയുള്ളവരുടെ വേൾഡ് യൂത്ത് ചെസ് ചാംപ്യൻഷിപ് സ്വന്തമാക്കി. ഇതിന് പുറമെ 12 വയസ്സിൽ താഴെയുള്ളവരുടെ ഏഷ്യൻ യൂത്ത് ചെസ് ചാംപ്യൻഷിപ്പിൽ അഞ്ച് സ്വർണം ഗുകേഷ് വാരിക്കൂട്ടി. വ്യക്തിഗത റാപിഡ് ആൻഡ് ബ്ലിറ്റ്സ്, ടീം റാപിഡ് ആൻഡ് ബ്ലിറ്റ്സ്, വ്യക്തിഗത ക്ലാസിക്കൽ വിഭാഗങ്ങളിലായിരുന്നു ഈ നേട്ടം.
അന്താരാഷ്‌ട്ര പദവി:
കേവലം 11 വർഷവും 9 മാസവും 9 ദിവസവും പ്രായമുള്ളപ്പോഴാണ് ഗുകേഷ് അന്താരാഷ്‌ട്ര മാസ്റ്റർ പദവി നേടുന്നത് . പിന്നീടാണ് ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ ആകാനുള്ള തന്റെ ദൗത്യം ഗുകേഷ് ആരംഭിക്കുന്നത്. എന്നാൽ 2019 ജനുവരിയിൽ 12 വയസ്സും 7 മാസവും 17 ദിവസവും പ്രായമുള്ളപ്പോൾ ഗ്രാൻഡ്മാസ്റ്ററായതോടുകൂടി വെറും 17 ദിവസത്തെ പ്രായവ്യത്യാസത്തിൽ റഷ്യന്‍ താരം സെര്‍ജി കര്യാക്കിന്റെ റെക്കോർഡ് മറികടക്കാനുള്ള അവസരം അദ്ദേഹത്തിന് നഷ്‌ടമായി.
ലോക ചാമ്പ്യൻഷിപ്പിലേക്ക് :
2022 സെപ്റ്റംബറില്‍ 2700 എന്ന റേറ്റിംഗ് ഗുകേഷ് മറികടന്നു. 2726 എന്നതായിരുന്നു അദ്ദേഹത്തിന്റെ റേറ്റിംഗ്. വെയ് യി, അലിരേസ ഫിറൂസയ്‌ക്കും ശേഷം ഈ റേറ്റംഗ് കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടം ഇതോടെ ഗുകേഷിന്റെ പേരിലായി. തുടർന്നാണ് 2750 പോയിന്റ് എന്ന കടമ്പ കടന്ന ഗുകേഷ് ഇപ്പോൾ കാൻഡിഡേറ്റ്സ് ടൂർണമെൻ്റ് വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറിയിരിക്കുകയാണ്.
2020-ൽ വെസ്റ്റ്ബ്രിഡ്ജ് ആനന്ദ് ചെസ്സ് അക്കാദമി (WACA) സ്ഥാപിതമായതുമുതൽ അതിന്റെ ഭാഗമായിരുന്നു ഗുകേഷ് . 2023 മുതൽ വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റൽ എന്ന കമ്പനിയാണ് അദ്ദേഹത്തെ സ്പോൺസർ ചെയ്യുന്നത്.















