ടി 20 ലോകകപ്പ് ടീമിൽ ഋഷഭ് പന്ത് ഇടംപിടിക്കുമോ ?. ഒരുപാട് നാളുകളായി ആരാധകർ ചോദിക്കുന്ന ചോദ്യമാണിത്. വാഹനാപകടത്തെ തുടർന്ന് ദീർഘകാലമായി വിശ്രമത്തിലായിരുന്ന പന്ത് ഐപിഎല്ലിലൂടെ മടങ്ങിവന്നതോടെയാണ് ഇക്കാര്യം സജീവ ചർച്ചയായത്. ഏറ്റവുമൊടുവിൽ സൗരവ് ഗാംഗുലിയും റിക്കി പോണ്ടിംഗുമാണ് പന്തിന്റെ ലോകകപ്പ് ഭാവിയിൽ പ്രതീക്ഷ പങ്കുവെച്ച് എത്തിയിരിക്കുന്നത്.
ഐപിഎല്ലിന് തൊട്ടുമുൻപാണ് ഋഷഭ് പന്ത് പൂർണ ഫിറ്റ്‌നസിലേക്ക് തിരിച്ചെത്തിയത്. ഇതോടെ ഡൽഹി ക്യാപിറ്റൽസിനായി കളിക്കാൻ തീരുമാനിക്കുകയായിരുന്നു. ബിസിസിഐയുടെ മെഡിക്കൽ സംഘവും പന്തിന് ഫിറ്റ്‌നസ് അനുമതി നൽകി. വാഹനാപകടത്തിന് ശേഷം ഒരു രാജ്യാന്തര മത്സരം പോലും കളിച്ചിട്ടില്ലെന്നതാണ് ഋഷഭ് പന്തിന്റെ ഏറ്റവും വലിയ വെല്ലുവിളി.
ഋഷഭ് പന്തിന് ടി20 ലോകകപ്പിനുള്ള ടീമിൽ ഇടംനേടാനാകുമെന്ന് സൗരവ് ഗാംഗുലി പ്രതീക്ഷ പ്രകടിപ്പിച്ചു. മദ്ധ്യനിരയിൽ താരം ബാറ്റിംഗിനിറങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗാംഗുലി പറഞ്ഞു. ടീമിലിടം ലഭിച്ചാൽ ലോകകപ്പിലെ പല മത്സരങ്ങളിലും പന്തിന് വളരെ സ്വാധീനം ചെലുത്താനാകുമെന്ന് ആയിരുന്നു റിക്കി പോണ്ടിംഗിന്റെ പ്രതികരണം.
അവനെ തിരികെ ലഭിച്ചതിൽ ഞങ്ങൾ സന്തോഷിക്കുന്നു. അവൻ തീർച്ചയായും ടീമിലുണ്ടാകും. വളരെ നല്ല ഒരു കളിക്കാരനാണ് ഋഷഭ്. പോണ്ടിംഗ് പറഞ്ഞു.
രണ്ട് അർദ്ധ സെഞ്ച്വറികളാണ് ഡൽഹിക്ക് വേണ്ടി ഈ സീസണിൽ പന്ത് നേടിയത്. 2022-ലായിരുന്നു ഋഷഭ് പന്ത് അവസാനമായി ഇന്ത്യൻ ജഴ്‌സിയിൽ കളിച്ചത്. മെയ് ഒന്നിനുളളിൽ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കണമെന്നാണ് നിർദ്ദേശം