തിരക്കോട് തിരക്ക് ! ഈ വർഷം ഏപ്രിലിൽ മാത്രം ട്രെയിൻ യാത്ര നടത്തിയത് 41.16 കോടി യാത്രക്കാർ;  റിപ്പോർട്ട് പുറത്ത്

Published by
Janam Web Desk

ന്യുഡൽഹി: ഈ വർഷം ഏപ്രിലിൽ മാത്രം ഇതുവരെ ട്രെയിനിൽ യാത്ര ചെയ്‌തത്‌ 41.1 കോടി യാത്രക്കാർ.എക്കാലത്തെയും ഉയർന്ന നിരക്കാണിത്. വേനലവധിയും, വിവാഹ സീസണും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമാണ് ഈ അപ്രതീക്ഷിത തിരക്കിന് കാരണമാകുന്നതെന്നും ഹിന്ദുസ്ഥാൻ ടൈംസ് പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.ഏപ്രിൽ 1 നും 21 നും ഇടയിൽ ഇന്ത്യൻ റെയിൽവേയിൽ 41.16 കോടി യാത്രക്കാർ യാത്ര ചെയ്തതായും അതിൽ 3.38 കോടി യാത്രക്കാരും അവസാന രണ്ട് (20 -21 തീയതികളിൽ) ദിവസങ്ങളിൽ യാത്ര ചെയ്തവരാണെന്നും ഒരു റെയിൽ വേ ഉദ്യോഗസ്ഥന്റെ വാക്കുകളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് പറയുന്നു.

അതേസമയം കഴിഞ്ഞ വർഷം (2023 ൽ)ഇതേ കാലയളവിൽ പാസഞ്ചർ ട്രെയിനുകളിൽ മാത്രം ഏകദേശം 37.0 കോടി യാത്രക്കാർ യാത്രചെയ്തതായും, 2019 ൽ ഈ കണക്ക് 35 കോടി യാത്രക്കാരായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൊറോണ മഹാമാരി പടർന്നു പിടിച്ച 2020 മുതൽ 2022 വർഷങ്ങളിൽ ട്രെയിൻ യാത്രികരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായിരുന്നു.

ഈ തിരക്ക് കാരണം റെയിൽവേ ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടുകൾ ഉണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡൽഹി, പാട്‌ന, കൊൽക്കത്ത, ദർഭംഗ തുടങ്ങിയ തുടങ്ങീ സീസണൽ തിരക്കുള്ള ഇടങ്ങളിലേക്ക് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. റിസർവ് ചെയ്യാത്ത യാത്രക്കാർ മറ്റ് കോച്ചുകളിൽ കയറുന്നതായും ചിലയിടങ്ങളിൽ പരാതികൾ ഉയർന്നിരുന്നു.

അതേസമയം പ്രതിസന്ധി പരിഹരിക്കാനായി ട്രെയിൻ ട്രിപ്പുകളുടെ എണ്ണം 43 % വർധിപ്പിച്ചതായും ഇന്ത്യൻ റെയിൽവേ വെള്ളിയാഴ്‌ച്ച അറിയിച്ചു. 9111 ട്രിപ്പുകളാണ് ഈ സീസണിൽ റെയിൽവേ വർധിപ്പിച്ചത്.കഴിഞ്ഞ വേനലവധിക്കാലത്ത് ഇത് 6369 ട്രിപ്പുകളായിരുന്നു. അതായത് 2742 ട്രിപ്പുകളുടെ വര്‍ധനവ്. വെസ്റ്റേണ്‍ റെയിൽവേയാണ് ഏറ്റവുമധികം ട്രിപ്പുകള്‍ (1878) വർദ്ധിപ്പിച്ചിരിക്കുന്നത് . നോര്‍ത്ത് വെസ്റ്റേണ്‍ റെയിൽ 1623 ട്രിപ്പുകളും സൗത്ത് സെന്‍ട്രല്‍ റെയിൽവേ 1012 ട്രിപ്പുകളും ഈസ്റ്റ് സെന്‍ട്രൽ റെയിൽവേ 1003 ട്രിപ്പുകളും വർധിപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ച് കൊണ്ടാണ് അധികട്രിപ്പുകള്‍ പ്ലാന്‍ ചെയ്തിരിക്കുന്നതെന്നും തമിഴ്നാട്, മഹാരാഷ്‌ട്ര, ഗുജറാത്ത്, ഒഡീഷ, പശ്ചിമബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ യാത്രക്കാരുടെ എണ്ണം വർധിച്ചതിന് പിന്നാലെയുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാൻ അധിക ട്രിപ്പുകൾ വഴി സാധിക്കുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.

Share
Leave a Comment