മാസ്റ്റർ ബ്ലാസ്റ്റർക്ക് ഇന്ന് 51 വയസ്. 1989-ൽ തന്റെ 16-ാം വയസുമുതൽ 24 വർഷത്തോളം ആ ബാറ്റിൽ നിന്ന് പിറന്ന മാന്ത്രികത എന്നും ആരാധകർക്ക് മുന്നിൽ മായാതെ നിൽക്കുന്നുണ്ട്. 2013 ൽ ദേശീയ ടീമിൽ നിന്ന് സച്ചിൻ പടിയിറങ്ങിയപ്പോൾ നിറകണ്ണുകളോടെയാണ് ആരാധകർ ആ നിമിഷത്തിന് സാക്ഷ്യം വഹിച്ചത്. ആ കൈകളിലെ ബാറ്റ് മാന്ത്രികവടിയായി മാറി ഇന്ത്യൻ ടീമിന് അവിശ്വസനീയ വിജയം നൽകിയ ഒട്ടേറെ നിമിഷങ്ങൾ. എതിരാളികൾ പോലും കൊതിച്ചുപോകുന്ന അനേകം റെക്കോർഡുകളുടെ ഉടമകൂടിയാണ് സച്ചിൻ. സച്ചിന്റെ പ്രധാനപ്പെട്ട 15 റെക്കോർഡുകൾ എന്തൊക്കെയെന്ന് നോക്കാം..
റെക്കോർഡുകൾ
1. ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ചതിന്റെ റെക്കോർഡ് സച്ചിന്റെ പേരിലാണ്. 200 ടെസ്റ്റുകളിലാണ് ക്രിക്കറ്റ് ദൈവം ഇന്ത്യക്കായി പാഡണിഞ്ഞത്.187 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സൺ ആണ് തൊട്ടുപിന്നിൽ.
2. ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും സച്ചിനാണ്. 200 ടെസ്റ്റുകളിൽ നിന്നായി 53.28 ശരാശരിയിൽ 15,921 റൺസ് ആണ് സച്ചിൻ അടിച്ചുകൂട്ടിയത്. ഇതിൽ 51 സെഞ്ച്വറികളും ഉൾപ്പെടുന്നു.
3. ടെസ്റ്റിൽ ക്രിക്കറ്റിൽ ഏറ്റവും അധികം സെഞ്ച്വറി പിറന്നതും സച്ചിന്റെ ബാറ്റിൽ നിന്നാണ്. 51 സെഞ്ച്വറികളാണ് താരത്തിന്റെ പേരിലുള്ളത്. 2010ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് 51-ാം സെഞ്ച്വറി കണ്ടെത്തിയത്.
4. ഒരു കലണ്ടർ വർഷത്തിൽ ഏകദിനത്തിൽ ഏറ്റവും അധികം റൺസ് നേടിയതും സച്ചിൻ ആണ്. 1998-ൽ 1894 റൺസ് ആണ് റെക്കോർഡ് ആയി നിൽക്കുന്നത്. ഇതിൽ ഒമ്പത് സെഞ്ച്വറികളും ഏഴ് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു.
5. ഏകദിനത്തിൽ ഏറ്റവുമധികം ഫോറുകൾ നേടിയതിന്റെ റെക്കോർഡും സച്ചിന്റെ പേരിലാണ്. 2016 പന്തുകളാണ് ബൗണ്ടറി ലൈൻ കടത്തിയത്
6. രാജ്യാന്തര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റുകളിലുമായി ഏറ്റവുമധികം റൺസ് നേടിയ താരമെന്ന ഖ്യാതിയും സച്ചിന് സ്വന്തമാണ്. 34,357 റൺസ് ആണ് സച്ചിന്റെ ബാറ്റിൽ നിന്ന് പിറന്നത്.
7. 76 തവണയാണ് കളിയിലെ മികവിന് മാൻ ഓഫ് ദ മാച്ച് അംഗീകാരം സച്ചിന് ലഭിച്ചിട്ടുളളത്.
8. ഒരു രാജ്യത്തിനെതിരെ ഏറ്റവുമധികം സെഞ്ച്വറികൾ നേടിയ താരവും സച്ചിനാണ്. ഓസ്ട്രേലിയയ്‌ക്കെതിരെ 20 സെഞ്ച്വറികളാണ് സച്ചിൻ കണ്ടെത്തിയത്. ഓസീസിനെതിരെ 110 മത്സരങ്ങളിൽ നിന്ന് 6707 റൺസും സ്വന്തമാക്കി.
ഇതിഹാസ താരം ഡോൺ ബ്രാഡ്മാന്റെ ഇംഗ്ലണ്ടിനെതിരെ നേടിയ 19 സെഞ്ച്വറികളാണ് സച്ചിൻ പഴങ്കഥയാക്കിയത്.
9. ഏകദിനത്തിൽ ഏറ്റവുമധികം അർദ്ധ സെഞ്ച്വറികൾ നേടിയതും സച്ചിനാണ്. 145 അർദ്ധ സെഞ്ച്വറികളാണ് താരം നേടിയത്. 122 അർദ്ധ സെഞ്ച്വറികളുമായി വിരാട് കോലിയാണ് രണ്ടാമത്.
10. 90-കളിൽ ഏറ്റവുമധികം തവണ ഔട്ടായതും സച്ചിനാണ്. ഏകദിനത്തിൽ 18 തവണയാണ് 90നും 100നും ഇടയിൽ വച്ച് സച്ചിൻ ഔട്ടായത്.
11. ഏറ്റവുമധികം ഏകദിനം കളിച്ചതും സച്ചിനാണ്. 464 ഏകദിനങ്ങളിലാണ് താരം ദേശീയ ടീമിനായി പാഡണിഞ്ഞത്.
12. ഏകദിനത്തിൽ തുടർച്ചയായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ചതും സച്ചിനാണ്. 1990 മുതൽ 1998 വരെ തുടർച്ചയായി 185 മത്സരങ്ങളിലാണ് താരം ഇന്ത്യയ്‌ക്ക് വേണ്ടി കളിച്ചത്
13. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം അർദ്ധ സെഞ്ച്വറി നേടിയ താരമെന്ന നേട്ടവും സച്ചിന്റെ പേരിലാണ്. 119 അർദ്ധ സെഞ്ച്വറികളാണ് സച്ചിൻ നേടിയത്
14. ടെസ്റ്റിൽ ഏറ്റവുമധികം ഫോറുകൾ നേടിയതും സച്ചിൻ ആണ്. 2058 പന്തുകളാണ് അതിർത്തി കടത്തിയത്.
15. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ പതിനായിരം റൺസ് തികച്ച റെക്കോർഡ് ബ്രയാൻ ലാറയ്‌ക്കൊപ്പം സച്ചിൻ പങ്കിട്ടു. 195 ഇന്നിംഗ്സുകളിൽ നിന്നാണ് സച്ചിൻ പതിനായിരം റൺസ് കണ്ടെത്തിയത്.