ബെയ്ജിങ്: സ്നേഹം ഭ്രാന്തമാണെന്നൊക്കെ നമ്മൾ സിനിമയിൽ കേട്ടിട്ടുണ്ട്. എന്നാൽ ജീവിതത്തിൽ അങ്ങനെ സംഭവിച്ചാലോ. അങ്ങനെയൊരു സംഭവമാണ് ചൈനയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. കമുകന്റെ ഫോണിലേക്ക് ഒരു ദിവസം മാത്രം എത്തുന്നത് 100 മിസ്സ്ഡ് കോളുകൾ. മറുപടി ലഭിച്ചില്ലെങ്കിൽ ഭ്രാന്തമായ പെരുമാറ്റം.18 കാരിയുടെ കാമുകനോടുള്ള അസ്വാഭാവികമായ പെരുമാറ്റത്തിനു പിന്നിൽ ബോർഡർലൈൻ വ്യക്തിത്വ വൈകല്യമാണെന്നു കണ്ടെത്തി ഡോക്ടർമാർ. ‘ലവ് ബ്രെയിൻ’ എന്ന് ഡോക്ടർമാർക്കിടയിൽ അറിയപ്പെടുന്ന മാനസിക അവസ്ഥയാണ് ഈ ചൈനീസ് പെൺകുട്ടിയിൽ കണ്ടെത്തിയിരിക്കുന്നത്.
സർവ്വകലാശാലയിൽ പഠിച്ചിരുന്ന ആദ്യ വർഷം മുതലാണ് പെൺകുട്ടിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ വന്നു തുടങ്ങിയത്. കാമുകനെ അമിതമായി ആശ്രയിക്കാൻ തുടങ്ങുകയും നിരന്തരം ഫോൺ വഴി ബന്ധപ്പെടുകയും ചെയ്യുന്നത് പതിവാക്കിയ പെൺകുട്ടി എപ്പോഴും എവിടെ, എന്ത് ചെയ്യുന്നു, എന്നൊക്കെയുള്ള വിവരങ്ങൾ കാമുകനിൽ നിന്നും ചോദിച്ചറിഞ്ഞുകൊണ്ടിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റം കാമുകനെ കൂടുതൽ അസ്വസ്ഥനാക്കി.
100 തവണയിലധികം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കാമുകൻ പ്രതികരിക്കാതെ ആയതോടെ പെൺകുട്ടിയുടെ പെരുമാറ്റം കൂടുതൽ ഭ്രാന്തമാവുകയും വീട്ടിലെ വസ്തുക്കൾ എറിഞ്ഞുടയ്ക്കുകയും ചെയ്തു. ഇതിൽ ഭയന്ന കാമുകൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിലാണ് പെൺകുട്ടിക്ക് ബോർഡർലൈൻ വ്യക്തിവൈകല്യമുണ്ടെന്ന് കണ്ടെത്തിയത്. ബാല്യകാലത്ത് മാതാപിതാക്കളിൽ നിന്നും ശരിയായ സംരക്ഷണവും വാത്സല്യവും ലഭിക്കാതെ പോകുന്നത് ഇത്തരം മാനസികാവസ്ഥയ്ക്ക് കാരണമാകാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.