അക്സർ.. പന്ത്… സ്റ്റബ്സ്..! ഇവർ മൂന്നുപേരും ചേർന്നപ്പോൾ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ കണ്ടത് ഡൽഹിയുടെ അഴിഞ്ഞാട്ടം. നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് ഗുജറാത്തിന് മുന്നിൽ പടുത്തുയർത്തിയത്.ടോസ് നേടിയ ഗുജറാത്തിന് പവർ പ്ലേയിൽ മാത്രമേ ആശ്വസിക്കാൻ വകയുണ്ടായിരുന്നുള്ളു. ആറോവറിൽ 44 റൺസ് മാത്രം വിട്ടുകൊടുത്ത 3 വിക്കറ്റ് വീഴ്‌ത്തി ഡൽഹിയെ പ്രതിരോധിച്ചെന്ന മട്ടിലായിരുന്ന ഗുജറാത്തിന് തെറ്റി.
സ്ഥാന കയറ്റം ലഭിച്ച് വൺഡൗണായി ഇറങ്ങിയ അക്സർ പട്ടേൽ ഗുജറാത്തിന് സർപ്രൈസായിരുന്നു. 43 പന്തിൽ 66 റൺസാണ് താരം നേടിയത്. ടി20 ലോകകപ്പിൽ തന്നെ മാറ്റി നിർത്താനാവില്ലെന്ന് ഉറപ്പിക്കുന്ന ഇന്നിംഗ്സുമായി കളം നിറഞ്ഞ പന്ത് കൂടുതൽ അപകടകാരിയായി. 43 പന്തിൽ 8 സിക്സടക്കം 88 റൺസാണ് ഡൽഹി ക്യാപ്റ്റൻ നേടിയത്. 7 പന്തിൽ 26 റൺസടിച്ച ട്രിസ്റ്റൺ സ്റ്റബ്സും ഗുജറാത്തിനെ പഞ്ഞിക്കിട്ടു.
മോഹിത് ശർമ്മ എറിഞ്ഞ അവസാന ഓവറിൽ 31 റൺസാണ് പന്ത് അടിച്ചെടുത്തത്. ഐപിഎൽ ഏറ്റവും അധികം റൺസ് വഴങ്ങിയെന്ന പട്ടം ഇതോടെ മോഹിത് സ്വന്തമാക്കി. നാലോവിൽ 73 റൺസാണ് വിട്ടു നൽകിയത്. അതേസമയം മൂന്നോവർ എറിഞ്ഞ മലയാളി താരം സന്ദീപ് വാര്യർ 15 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തി മികച്ച പ്രകടനം നടത്തി.