പാട്‌ന: 2008ലെ ബട്ല ഹൗസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർക്ക് വേണ്ടി കണ്ണീരൊഴുക്കിയ നേതാവാണ് സോണിയ ഗാന്ധിയെന്ന വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ബിഹാറിലെ മധുബനിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ബട്‌ലയിലുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. അവർ കൊല്ലപ്പെട്ട കാര്യം കേട്ട് സോണിയ ഗാന്ധി കരഞ്ഞുവെന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. തീവ്രവാദികൾക്ക് വേണ്ടിയാണ് അവർ കരഞ്ഞത്. ഇരുകൂട്ടരും തമ്മിലുള്ള ബന്ധമെന്താണ്? അവരോട് നിങ്ങൾ എന്തിനാണ് സിമ്പതി കാണിച്ചത്? എന്ത് അടിസ്ഥാനത്തിലാണ് അവരോട് സഹതാപം പ്രകടിപ്പിച്ചതെന്നും” ജെ പി നദ്ദ ചോദിച്ചു.
2008 സെപ്തംബർ 19നുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ മുജാഹിദ്ദീൻ തീവ്രവാദികളായ ആതിഫ്, സാജിദ് എന്നിവർ കൊല്ലപ്പെട്ടിരുന്നു. പൊലീസ് ഇൻസ്‌പെക്ടറായ മോഹൻ ചന്ദ്ര ശർമ്മയും ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചിരുന്നു. കോൺഗ്രസും അവരുടെ സഖ്യകക്ഷികളും എല്ലാത്താലത്തും ദേശവിരുദ്ധരേയും, രാജ്യത്തെ ദുർബലപ്പെടുത്താൻ കാത്തുനിൽക്കുന്നവരേയും പിന്തുണയ്‌ക്കുകയാണെന്നും ജെ പി നദ്ദ വിമർശിച്ചു.
” രാജ്യത്തെ നശിപ്പിക്കാൻ ശ്രമിച്ചവരോടാണ് അവർ സഹതാപം പ്രകടിപ്പിക്കുന്നത്. അധികാരത്തിൽ മാത്രം ഭ്രമിച്ചിരിക്കുന്നവരാണ് ഇൻഡി സഖ്യം. വോട്ട് ബാങ്ക് രാഷ്‌ട്രീയം എന്ന തെറ്റ് ഇവിടെ സംഭവിക്കുന്നുണ്ടായിരുന്നു. ഉയർന്ന ജാതിയാണോ താഴ്ന്ന ജാതിയാണോ എന്നെല്ലാം പരിഗണിച്ച് വോട്ട് കൊടുത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അതെല്ലാം മാറി. പ്രധാനമന്ത്രി ഇത്തരം അനാചാരങ്ങളെ ശക്തമായി തന്നെ എതിർത്തു. അദ്ദേഹത്തിന്റെ ഭരണത്തിന് കീഴിൽ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും അഭിവൃദ്ധി നേടിയെന്നും” ജെ പി നദ്ദ പറഞ്ഞു.















