ന്യൂഡൽഹി: അരുണാചൽപ്രദേശിൽ ശക്തമായ ഉരുൾപൊട്ടൽ. ഉരുൾപൊട്ടലിനെയും മണ്ണിടിച്ചിലിനെയും തുടർന്ന് ചൈനയുടെ അതിർത്തിയുമായി ബന്ധിപ്പിക്കുന്ന ദിഭാംഗ് ജില്ലയിലെ ദേശീയപാതയുടെ ഒരുഭാഗം ഒലിച്ചുപോയി. ദിഭാംഗ് താഴ്‌വര ജില്ലയെ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ഏക പാത കൂടിയാണിത്.
പ്രാഥമിക വിവരമനുസരിച് ഹുൻലിക്കും അനിനിക്കും ഇടയിലുള്ള അനിനി ദേശീയപാതയിൽ പലയിടത്തും റോഡുകൾ തകർന്ന നിലയിലാണ്. ഇവിടെ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നുവെന്ന് അധികൃതർ അറിയിച്ചു. നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് (NHIDCL) ഹൈവേയുടെ തകർന്ന ഭാഗങ്ങൾ നന്നാക്കി വാഹന ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ ബാധിത പ്രദേശത്തുനിന്നും ജലാശയങ്ങൾക്കു സമീപത്തുനിന്നും വിട്ടുനിൽക്കണമെന്ന് ജില്ലാ ഭരണകൂടം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തി വരുന്നതായി അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു അറിയിച്ചു.