പാകിസ്താൻ വനിതാ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരവും മുൻ ക്യാപ്റ്റനുമായ ബിസ്മാ മാറൂഫ് വിരമിക്കൽ പ്രഖ്യാപിച്ചു. വ്യാഴാഴ്ചയാണ് 32-കാരി അടിയന്തരമായി വിരമിക്കൽ പ്രഖ്യാപിച്ചത്. 2020ൽ ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടർന്ന് അവർ ക്രിക്കറ്റിൽ നിന്ന് വലിയൊരു ഇടവേള എടുത്തിരുന്നു. 2021 ഓഗസ്റ്റിൽ ഒരു കുഞ്ഞിനും ജന്മം നൽകി. 2022 ലോകകപ്പിൽ കുഞ്ഞുമായി മത്സരങ്ങൾക്കെത്തിയത് വാർത്തകൾ സൃഷ്ടിച്ചിരുന്നു. ഒരു വർഷം പ്രസവാവധി ലഭിച്ച ആദ്യ പാകിസ്താനി ക്രിക്കറ്ററും ബിസ്മയാണ്.
ഇടം കൈയൻ ബാറ്ററായ ബിസ്മ 2006ൽ ഇന്ത്യക്കെതിരെയാണ് ഏകദിന അരങ്ങേറ്റം നടത്തുന്നത്. 276 മത്സരങ്ങൾ പാക് ജഴ്സി അണിഞ്ഞ താരമാണ് ഏറ്റവും അധികം മത്സരങ്ങളിൽ പാകിസ്താനെ പ്രതിനിധീകരിച്ച വനിതാ ക്രിക്കറ്ററും. 2009 ൽ അയർലൻഡിനെതിരെ ടി20 അരങ്ങേറ്റം. 33 സെഞ്ച്വറികളടക്കം 6,262 അന്താരാഷ്‌ട്ര റൺസ്. ലെഗ് സ്പിന്നറ് കൂടിയായ താരം 80 വിക്കറ്റുകളും നേടിയിട്ടുണ്ട്. നാലു ലോകകപ്പുകളിലും അവർ ഭാഗമായി. (2009,2013,2017,2022)
‘ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഗെയിമിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചു. വെല്ലുവിളികളും ജയവും നിറയെ വിസ്മരിക്കാത്ത ഓർമ്മകളും തന്ന മനോഹരമായ യാത്രയായിരുന്നു ഇത്. തുടക്കം മുതൽ ഇപ്പോൾ വരെ എന്നെ അകമഴിഞ്ഞ് പിന്തുണച്ച എന്റെ കുടുംബത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ വിശ്വസിച്ചതിനും എന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ഒരു അവസരം നൽകിയതിനും പാകിസ്താൻ ക്രിക്കറ്റ് ബോർഡിനോടും ഞാൻ നന്ദി അറിയിക്കുന്നു”— മാറൂഫ് പറഞ്ഞു.















