കാമുകിക്കായി വാങ്ങിയ ബർഗർ കഴിച്ചതിന് സുഹൃത്തിനെ ആക്രമിച്ച് കൊലപ്പെടുത്തി യുവാവ്. കറാച്ചിയിലാണ് സംഭവം. സെഷൻസ് ജഡ്ജിയുടെ മകനായ അലി കീരിയയാണ് കൊല്ലപ്പെട്ടത്. സീനിയർ പൊലീസ് സുപ്രണ്ട് നസീർ അഹമ്മദ് മിർബറിന്റെ മകനായ ദനിയാൽ എന്ന യുവാവാണ് കൊലപാതകം നടത്തിയത്. ഇയാളുടെ കാമുകി ഷാസിയ്ക്കായി വാങ്ങിയ ബർഗർ സുഹൃത്ത് കഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
ഷാസിയെ ദനിയാൽ ഇയാളുടെ വസതിയിലേക്ക് വിളിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ സമയം സുഹൃത്ത് അലി കീരിയോ, സഹോദരൻ അഫ്മർ എന്നിവരും ഇവിടെയുണ്ടായിരുന്നു. കാമുകിക്കും തനിക്കും കഴിക്കുന്നതിനായി ദനിയാൽ രണ്ട് ബർഗറുകളാണ് ഓർഡർ ചെയ്തത്. എന്നാൽ കീരിയോ ഇതിലൊന്ന് കഴിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം.
വാക്കുതർക്കം കയ്യാങ്കളിയിലേക്ക് മാറുകയും ഡാനിയൽ കീരിയോയെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.