കോപ്പ അമേരിക്ക ടൂർണമെൻ്റിന് ഒരുങ്ങുന്ന ബ്രസീലിന് തിരിച്ചടിയായിരുന്നു സൂപ്പർ താരം നെയ്മറുടെ പരിക്ക്. കഴിഞ്ഞ ഒക്ടോബറിൽ ഉറുഗ്വേയ്ക്കെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിലാണ് താരത്തിന് ഗുരുതരമായി പരിക്കേറ്റത്. ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് കോപ്പ അമേരിക്ക നഷ്ടമാകുമെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പരിക്കിൽ നിന്ന് വേഗം സുഖം പ്രാപിക്കുന്ന ബ്രസീൽ താരം ഉടനെ കളിക്കളത്തിലേക്ക് മടങ്ങുമെന്നാണ് സൂചന. നെയ്മറിന്റെ ഫിസിയോയാണ് ഇതു സംബന്ധിച്ച ചില സൂചനകൾ നൽകിയത്. പരിക്കിൽ നിന്ന് മുക്തനാവുന്ന നെയ്മർ തീവ്ര പരിശീലനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
അൽഹിലാൽ താരത്തിന്റെ കാലിലെ മസിലുകൾ ബലപ്പെടുത്തുന്ന ചികിത്സയാണ് ഇപ്പോൾ നൽകുന്നതെന്ന് ഫിസിയോ സമെർ അൽ ഷഹ്റാനി വ്യക്തമാക്കി. തനിച്ച് പരിശീലനം ആരംഭിച്ച നെയ്മർ ഉടനെ ടീമിനൊപ്പം ചേർന്നക്കും. അങ്ങനെയെങ്കിൽ ജൂൺ 21ന് ആരംഭിക്കുന്ന കോപ്പയിൽ ബ്രസിലീന്റെ മികച്ച ഗോൾ വേട്ടക്കാരന് ബൂട്ട് കെട്ടാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.