ആലപ്പുഴ: രാജ്യത്തിന്റെ വികസനത്തിനൊപ്പമാണ് താൻ എപ്പോഴും ഉണ്ടാകുകയെന്ന് ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ. നീണ്ട നാളുകൾക്ക് ശേഷമാണ് മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താനായി എത്തുന്നത്. വികസനത്തിന് വേണ്ടി നിൽക്കുന്നവർക്ക് ഏറ്റവും മികച്ച വിജയമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പിലെ ട്രെൻഡ് വികസനമായിരിക്കും. അത് തിരിച്ചറിയുന്ന വിവേകമുള്ള രാഷ്‌ട്രീയ ബോധമുള്ള ജനതയാണ് ഇപ്പോഴത്തേതെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.
ഫാസിൽ, ലാൽ ജോസ്, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ഇന്ദ്രൻസ്, ശ്രീനിവാസൻ, അന്നാ രാജൻ, അഹാന കൃഷ്ണ, ആസിഫ് അലി, അഷ്‌കർ അലി, ആശാ ശരത് തുടങ്ങിയവർ വോട്ട് രേഖപ്പെടുത്താനെത്തി. ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്‌കൂളിലാണ് ഫാസിലും ഫഹദ് ഫാസിലും വോട്ട് രേഖപ്പെടുത്താനായി എത്തിയത്.
ഉദയംപേരൂർ കണ്ടനാട് സെന്റ് മേരീസ് ഹൈസ്‌കൂളിലെത്തിയാണ് ശ്രീനിവാസൻ വോട്ട് രേഖപ്പെടുത്തിയത്. തൊടുപുഴ കമ്പംകല്ല് എൽപി സ്‌കൂളിലെത്തിയാണ് നടൻ ആസിഫ് അലിയും അഷ്‌കർ അലിയും വോട്ട് രേഖപ്പെടുത്തിയത്. ശ്രീലങ്കയിൽ നിന്നാണ് അന്നാ രാജൻ വോട്ട് ചെയ്യാനായി എത്തിയത്. ആശാ ശരത് പെരുമ്പാവൂരിലും സമ്മതിദാനാവകാശം രേഖപ്പെടുത്തി.















