ടി20 ലോകകപ്പ് ടീം സെലക്ഷനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ഇന്ത്യൻ താരം ശുഭ്മാൻ ഗിൽ. ടീം സെലക്ഷനെ കുറിച്ച് ചിന്തിക്കുന്നത് തന്നോടും ഗുജറാത്തിനോടും ചെയ്യുന്ന അനീതിയാണെന്നും താരം പറഞ്ഞു. ഈ സീസണിൽ ഗുജറാത്തിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് സ്‌കോർ ചെയ്യുന്ന താരം കൂടിയാണ് ടീം നായകനായ ഗിൽ. 9 മത്സരങ്ങളിൽ നിന്നായി 38 ശരാശരിയിൽ 304 റൺസാണ് താരം നേടിയത്. നിലവിൽ ഐപിഎൽ സീസണെ കുറിച്ചാണ് തന്റെ ചിന്തയെന്നും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുകയാണെന്നും ഗിൽ കൂട്ടിച്ചേർത്തു.
”രാജ്യത്തിന് വേണ്ടി കളിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. എന്നാൽ ലോകകപ്പിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയാൽ എന്നോടും ഗുജറാത്തിനോടും ചെയ്യുന്ന അനീതിയായിരിക്കും അത്. സെലക്ടർമാരാണ് തന്നെ ടീമിലെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. പക്ഷേ ഇപ്പോഴത്തെ എന്റെ ചിന്ത ഐപിഎല്ലിനെ കുറിച്ചാണ്. ടീമിന്റെയും സഹതാരങ്ങളുടെയും പ്രകടനം മെച്ചപ്പെടുത്താനാണ് ഞാൻ ശ്രമിക്കുന്നത്”. – ഗിൽ പറഞ്ഞു.
ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം കൂടിയാണ് ലോകകപ്പ് ടീമിൽ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത്. കഴിഞ്ഞ വർഷം ഏകദിന ലോകകപ്പ് കളിച്ചതിന്റെ അനുഭവസമ്പത്ത് എനിക്കുണ്ട്. അടുത്ത ലോകകപ്പ് കളിക്കുന്നത് വരെ എനിക്ക് അത് മികച്ച അനുഭവമായിരിക്കും. പക്ഷേ അതിനെക്കുറിച്ചൊന്നും ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ഗിൽ പറഞ്ഞു.