മലപ്പുറം: വിവാഹത്തിന് ശേഷം പോളിംഗ് ബൂത്തിലെത്തി തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ച് നവദമ്പതികൾ. മലപ്പുറം തിരൂർ മണ്ഡലത്തിലെ വോട്ടർമാരായ ശിവകുമാറും ഗോപികയുമാണ് വിവാഹത്തിന് പിന്നാലെ വോട്ട് ചെയ്യാനെത്തിയത്. വിവാഹ മണ്ഡപത്തിൽ നിന്ന് നേരെ പോളിംഗ് ബൂത്തിലേക്ക് വരികയായിരുന്നു ദമ്പതികൾ.
കല്യാണ ദിവസം തന്നെ ഇങ്ങനെയൊരു നല്ല കാര്യം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കല്യാണം കഴിഞ്ഞിട്ട് വോട്ട് ചെയ്യാമെന്ന് തീരുമാനിച്ചിരുന്നതായും ഇരുവരും പറഞ്ഞു. ഒരു പൗരൻ എന്ന നിലയിലുളള അവകാശമാണ് വോട്ടെന്നും ഒരിക്കലും അത് വേണ്ടെന്ന് വെയ്‌ക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും ശിവകുമാർ പറഞ്ഞു.
ശിവകുമാറും ഗോപികയും മാത്രമല്ല വിവാഹവേദിയിൽ നിന്ന് പോളിംഗ് ബൂത്തിലേക്ക് എത്തിയ നവദമ്പതിമാർ വേറെയും ഉണ്ടായിരുന്നു സംസ്ഥാനത്ത്. പത്തനംതിട്ട അടൂരിൽ കല്യാണത്തിന് ശേഷം നവവധു നേരെയെത്തിയത് പോളിംഗ് ബൂത്തിലേക്കാണ്. ഭർത്താവ് സുധാകരനോടൊപ്പമെത്തിയാണ് വധുവായ മാലിനി വോട്ട് ചെയ്തത്. വിവാഹ വേഷത്തിലാണ് ഇരുവരും പോളിംഗ് ബൂത്തിലെത്തിയത്.
കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ഹരിത രാവിലെ കതിർമണ്ഡപത്തിലേക്ക് കയറുന്നതിന് മുമ്പായി എത്തിയത് പോളിംഗ് ബൂത്തിലേക്കാണ്. . ആഭരണങ്ങളുൾപ്പെടെ അണിഞ്ഞ് കല്യാണ വേഷത്തിലാണ് ഹരിത വോട്ട് ചെയ്യാനെത്തിയത്. ഇതിന്റെ വീഡിയോകൾ പുറത്തുവന്നിരുന്നു.
ജനാധിപത്യത്തിന്റെ സുപ്രധാനവേളയിൽ എത്ര വലിയ തിരക്കുകളും മാറ്റി വച്ചാണ് വോട്ടർമാർ വോട്ട് ചെയ്യാനെത്തുന്നത്. തങ്ങളുടെ അവകാശങ്ങൾ കൃത്യമായി ഉപയോഗിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഓരോ വോട്ടർമാർക്കുമുള്ളത്. സംസ്ഥാനത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണ്.
സംസ്ഥാനത്ത് ഒമ്പത് മണിക്കൂർ കഴിയുമ്പോൾ ഇതുവരെ 65.1 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൊന്നാനിയിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. കൂടുതൽ പോളിംഗ് നടന്നത് ആലപ്പുഴയിൽ.