എൻ്റർടൈൻമെൻറ് മാത്രമല്ല കളി ജയിക്കാനും അറിയാമെന്ന് പഞ്ചാബ് തെളിയിച്ച മത്സരത്തിൽ പെയ്തിറങ്ങിയത് അനവധി റെക്കോർഡുകൾ. ടി20 ചരിത്രത്തിലെ റെക്കോർഡ് ചേസിംഗിനാണ് ഈഡൻ ഗാർഡൻസ് വേദിയായത്. സീസണിൽ ആദ്യമായി ഫോമിലേക്ക് ഉയർന്ന ജോണി ബെയർസ്റ്റോ അപരാജിത സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ പ്രഭ്സിമ്രാനും ശശാങ്കും എതിരാളികളെ തല്ലി തകത്ത് പരിപൂർണ പിന്തുണ നൽകി.
കൊൽക്കത്ത ഉയർത്തിയ 262 റൺസിന്റെ വിജയലക്ഷ്യം രണ്ടു വിക്കറ്റ് നഷ്ടത്തിൽ 8 പന്ത് ബാക്കി നിൽക്കെയാണ് പഞ്ചാബ് മറികടന്നത്. ബൗണ്ടറികളുടെ മാലപടക്കം പൊട്ടിച്ച് ഈഡനിലെ ഗ്യാലറിയെ നിശബ്ദമാക്കിയാണ് പഞ്ചാബ് വിജയം കൊയ്തത്.ഏറ്റവും അധികം സിക്സറുകൾ പിറന്ന മത്സരവുമാണ് ഈഡനിലേത്. 42 സിക്സുകളാണ് ഇരു ടീമുകളും ചേർന്ന് അതിർത്തി കടത്തിയത്. പഞ്ചാബിന്റെ എക്കാലത്തെയും വലിയ ചേസിംഗായിരുന്നു ഇത്.
48 പന്തിൽ 108 റൺസുമായി ബെയർസ്റ്റോയും 28 പന്തിൽ 68 റൺസുമായി ശശാങ്ക് സിംഗും പുറത്താകാതെ നിന്നു. ബാറ്റിംഗ് വെടിക്കെട്ട് കണ്ട മത്സരത്തിൽ ആദ്യ വിക്കറ്റിൽ ബെയർസ്റ്റോ പ്രഭ്സിമ്രാൻ സഖ്യം കുറിച്ചത് 93 റൺസായിരുന്നു.രണ്ടാം വിക്കറ്റിൽ ബെയർസ്റ്റോ-റൂസോ ജോഡി 39 പന്തിൽ 85 റൺസടിച്ചു. റൂസോ പുറത്തായതിന് പിന്നാലെയെത്തിയ ശശാങ്ക് കൊൽക്കത്ത ബൗളർമാരെ തലങ്ങും വിലങ്ങും ശിക്ഷിച്ചതോടെ 37 പന്തിൽ പാർടണർഷിപ്പ് 84 കടന്നു. പ്രഭ്സിമ്രാൻ റണ്ണൗട്ടായപ്പോൾ സുനിൽ നരെയ്നാണ് ഒരുവിക്കറ്റ് ലഭിച്ചത്. ഒരു ഘട്ടത്തിലും വിജയത്തെക്കുറിച്ച് ചിന്തിക്കാൻ കൊൽക്കത്തയെ അനുവദിക്കാത്തവിധം ആക്രമണ ബാറ്റിംഗാണ് പഞ്ചാബ് പുറത്തെടുത്തത്. 9 മത്സരത്തിൽ നിന്ന് 3 വിജയവുമായി പഞ്ചാബ് ഏഴാം സ്ഥാനത്താണ്.