ഉയിഗുർ മുസ്ലീങ്ങളുടെ വംശഹത്യ തടയാൻ അടിയന്തര നീക്കമുണ്ടാകണം; ആഗോള തലത്തിൽ ചൈനയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർ

Published by
Janam Web Desk

വാഷിങ്ടൺ: കിഴക്കൻ തുർക്കിസ്ഥാൻ മേഖലയിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ചൈന നടത്തുന്ന വംശഹത്യയും കുറ്റകൃത്യങ്ങളും തടയാൻ അടിയന്തരമായി ആഗോള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉയിഗുർ വിഭാഗത്തിന് വേണ്ടി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകർ. കിഴക്കൻ തുർക്കിസ്ഥാൻ മേഖലയിലെ ഉയിഗുർ, കസാഖ്, കിർഗിസ്, മറ്റ് തുർക്കി വംശീയ വിഭാഗങ്ങൾ എന്നിവർക്കെതിരെ ചൈന നടത്തുന്ന അടിച്ചമർത്തലുകൾ തടയണമെന്നാണ് ഇവരുടെ ആവശ്യം. 2023-ലെ മനുഷ്യാവകാശ റിപ്പോർട്ട് ഏപ്രിൽ 22-ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പുറത്തുവിട്ടതിന് പിന്നാലെയാണിത്.

കൂട്ടമായി തടവിലിടുക, നിർബന്ധിത ജോലി, ചൈനീസ് സർക്കാർ സ്ഥാപനങ്ങളിലേക്ക് തുർക്കി കുട്ടികളെ നിർബന്ധിതമായി അയക്കുക, ഉയിഗുർ, തുർക്കിസ്ഥാൻ സ്ത്രീകളുടെ നിർബന്ധിത വന്ധ്യംകരണം, നിർബന്ധിത വിവാഹങ്ങൾ, മതപരമായ ആചാരങ്ങൾ അടിച്ചമർത്തൽ, വിദ്യാഭ്യാസത്തിൽ തദ്ദേശീയ ഭാഷകളുടെ നിരോധനം , സാംസ്കാരികവും മതപരവുമായ സ്ഥലങ്ങളുടെ നശീകരണം എന്നിങ്ങനെ എന്നിങ്ങനെ എണ്ണമറ്റ ചൈനീസ് അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കുമാണ് കിഴക്കൻ തുർക്കിസ്‌ഥാൻ മേഖലയിലെ ജനവിഭാഗം വിധേയമായിക്കൊണ്ടിരിക്കുന്നത്.

യുകെ, നെതർലൻഡ്‌സ്‌, ചെക്ക് റിപ്പബ്ലിക്ക്, ഫ്രാൻസ്, ബെൽജിയം, യുഎസ്‌ എന്നിങ്ങനെ നിരവധി രാജ്യങ്ങളും അവരുടെ ദേശീയ പാർലമെന്റുകളും ഈ പ്രവർത്തികളെ വംശഹത്യയായിട്ടാണ് കാണുന്നത്. എന്നാൽ അന്താരാഷ്‌ട്ര സമൂഹത്തിന്റെ പ്രതികരണം വാക്കാലുള്ള അപലപനങ്ങളിൽ ഒതുങ്ങിയെന്നാണ് ഈസ്റ്റ് തുർക്കിസ്ഥാൻ ഗവണ്മെന്റ് ഇൻ എക്സൈൽ (ഇടിജിഇ) പറയുന്നത്. ചൈനയ്‌ക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തുകയോ, നയതന്ത്ര സമ്മർദ്ദം ചെലുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് ഇടിജിഇ അന്താരാഷ്‌ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചത്.

Share
Leave a Comment