വയനാട്: പനമരത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ ജഡം ക്രെയിൻ ഉപയോഗിച്ച് നീക്കി. പനമരം നീർവാരം അമ്മാനിയിലാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയുടെ ജഡം ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്തത്.
ഇന്ന് രാവിലെയോടെയാണ് അമ്മാനി സ്വദേശി ജയരാജിന്റെ കാപ്പിത്തോട്ടത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രാവിലെ കറന്റ് പോയതിനാൽ തോട്ടത്തിലെത്തി പരിശോധിച്ചപ്പോൾ വൈദ്യുതലൈൻ താഴ്ന്ന നിലയിലായിരുന്നുവെന്ന് ജയരാജ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് നോക്കിയപ്പോഴാണ് സമീപത്തെ ആനയെ കണ്ടത്. ചരിഞ്ഞ നിലയിലാണ് ആനയെ കണ്ടെത്തിയതെന്നും ജയരാജ് പറഞ്ഞു
തോട്ടത്തിലുണ്ടായിരുന്ന തെങ്ങ് മറിച്ചിടാൻ നോക്കുന്നതിനിടെ ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയക്കിയ ശേഷം ആനയെ സ്ഥലത്ത് നിന്ന് മാറ്റി.