ജൈവ വൈവിധ്യത്തിന്റെ കലവറയാണ് ഇടുക്കിയിലെ വാഗമൺ എന്ന് വീണ്ടും തെളിയിച്ച് പുതിയ സസ്യത്തെ കണ്ടെത്തി. മലയാളി ഗവേഷകരാണ് വാഗമൺ മലനിരകളിൽ നിന്ന് പുതിയ ഇനം സസ്യത്തെ കണ്ടെത്തിയത്. ലോറേസിയ കുടുംബത്തിലെ കുറ്റിപ്പാണലിന്റെ ജനുസിൽപ്പെട്ട സസ്യത്തെയാണ് ഗവേഷകർ തിരിച്ചറിഞ്ഞത്.
‘ലിറ്റ്സിയ വാഗമണിക’ എന്നാണ് സസ്യത്തിന്റെ ശാസ്ത്രനാമം. സമുദ്ര നിരപ്പിന് 1,000 മീറ്ററിന് മുകളിലുള്ള നിത്യഹരിത വനങ്ങളിൽ മാത്രമാണ് സസ്യത്തെ സ്വാഭാവികമായി കാണുന്നതെന്ന് ഗവേഷകർ വ്യക്തമാക്കി. കുറ്റിപ്പാണൽ വിഭാഗത്തിൽപെട്ടതാണ് ഈ സസ്യം. പത്തനംതിട്ട തുരുത്തിക്കാട് ബിഎഎം കോളജ് ബോട്ടണി അസിസ്റ്റന്റ് പ്രഫസർ ഡോ. എ.ജെ റോബി, കോഴഞ്ചേരി സെന്റ് തോമസ് കോളജ് ബോട്ടണി ഗവേഷക രേവതി വിജയശർമ എന്നിവരാണ് കണ്ടെത്തലിന് പിന്നിൽ.
ന്യൂസിലൻഡിൽ നിന്നുള്ള രാജ്യാന്തചര പ്രസിദ്ധീകരണമായ ഫൈറ്റോ ടാക്സയുടെ പുതിയ ലക്കത്തിൽ ഇത് സംബന്ധിച്ച് പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.