ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മുംബൈ ഇന്ത്യൻസ് താരം ഇഷാൻ കിഷന് പിഴ. മാച്ച് ഫീയുടെ 10 ശതമാനമാണ് താരം നൽകേണ്ടത്. അരുൺ ജെയറ്റ്‌ലി സ്‌റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായി നടന്ന മത്സരത്തിലാണ് ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരമുള്ള കുറ്റം താരം ചെയ്തത്. ഇഷാൻ കിഷൻ കുറ്റം സമ്മതിക്കുകയും പിഴ അംഗീകരിക്കുകയും ചെയ്തു. അതിനാൽ ഔപചാരിക വാദം കേൾക്കേണ്ട ആവശ്യമില്ലെന്ന് അമ്പയർമാർ വ്യക്തമാക്കി.
മത്സരത്തിനിടയിൽ ക്രിക്കറ്റ് ഉപകരണങ്ങൾ, പരസ്യ ബോർഡുകൾ, ബൗണ്ടറി ലൈനുകൾ, ഡ്രസ്സിംഗ് റൂം വാതിലുകൾ, കണ്ണാടികൾ, ജനലുകൾ, മറ്റ് ഫിറ്റിംഗ്സ് എന്നിവയ്‌ക്ക് ബോധപൂർവ്വം കേടുപാടുകൾ വരുത്തുന്നത് ഈ നിയമപ്രകാരം ശിക്ഷാർഹമാണ്.
ഇഷാൻ കിഷന്റെ അലസതയെ തുടർന്ന് ഡൽഹിക്ക് അഞ്ച് റൺസ് ലഭിച്ചിരുന്നു. ക്രീസിലുണ്ടായിരുന്ന അഭിഷേക് പോറൽ ഹാർദിക് പാണ്ഡ്യയുടെ പന്ത് നേരിടുന്നതിനിടെയായിരുന്നു സംഭവം. മിഡ് ഓഫിലേക്ക് പന്ത് തട്ടിയിട്ട താരം ഒരു റൺസിനായി ഓടി. മുഹമ്മദ് നബിയുടെ കൈയിലെത്തിയ പന്ത് ഇഷാന് നേരെ എറിഞ്ഞെങ്കിലും താരം ഇത് പിടിക്കാൻ ശ്രമിച്ചില്ല. ഇതോടെ പന്ത് ബൗണ്ടറി ലൈൻ കടന്നു. ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. 500 ലെറെ റൺസ് പിറന്ന മത്സരമായിരുന്നു ഡൽഹിയിലേത്. സീസണിലെ ആറാം തോൽവി വഴങ്ങിയ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകളും ഏറെകുറെ മങ്ങിയ അവസ്ഥയിലാണ്.