നായകൻ ഋതുരാജ് ഗെയ്ക്വാദ് അത്യുഗ്രൻ അർദ്ധസെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ ചെന്നൈയ്‌ക്ക് കൂറ്റൻ സ്കോർ. ടോസ് നേടിയ ഹൈദരാബാദ് ചെന്നൈയെ ബാറ്റിംഗിന് വിടുകയായിരുന്നു. വീണ്ടും നിരാശപ്പെടുത്തിയ രഹാനെയാണ്(9) ആദ്യം വീണത്. വൺഡൗണായി ക്രീസിലെത്തിയ ഡാരിൽ മിച്ചൽ ആദ്യമായി താളം കണ്ടെത്തിയതോട ചെന്നൈ ഡ്രൈവിംഗ് സീറ്റിലായി. തുടർച്ചയായ മത്സരത്തിലും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ നായകനാണ് കൂടുതൽ അപകടകാരിയായത്.
അവസാന ഓവറിൽ സെഞ്ച്വറിക്ക് രണ്ടു റൺസകലെ ക്യാപ്റ്റൻ വീഴുമ്പോൾ ചെന്നൈ 200 കടന്നിരുന്നു. 54 പന്തിൽ 98 റൺസായിരുന്നു സമ്പാദ്യം. 32 പന്തിൽ 52 റൺസെടുത്ത മിച്ചലിനെ ഉനാദ്ഘട് ആണ് പുറത്താക്കിയത്. ഇരുവരും ചേർന്ന് 107 റൺസാണ് അടിച്ചുകൂട്ടിയത്.
മിച്ചൽ പുറത്തായ പിന്നാലെ ക്രീസിലെത്തിയ ദുബെ ആക്രമണം അഴിച്ചുവിട്ടു. നാല് സിക്സറടക്കം 20 പന്തിൽ 39 റൺസ് നേടി. ഋതുരാജിനൊപ്പം 35 പന്തിൽ 74 റൺസാണ് ചേർത്തത്. ധോണി രണ്ടു പന്തിൽ ഒരു ബൗണ്ടറിയടക്കം അഞ്ചു റൺസ് നേടി. നടരാജൻ, ഭുവനേശ്വർ കുമാർ,ജയദേവ് ഉനാദ്ഘട് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.