ഹൈദരാബാദ്: വിമാനത്താവളത്തിന് സമീപത്ത് നിന്ന് പുള്ളിപ്പുലിയെ കണ്ടെത്തി. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്നാണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്. പ്രദേശത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം ഉണ്ടായതോടെ സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും കൊണികൾ വയ്ക്കുകയും ചെയ്തു.
പുലി വിമാനത്താവളത്തിന്റെ മതിൽ ചാടികടക്കുന്നതായി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരാണ് ആദ്യം കണ്ടത്. ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. തുടർന്ന് സിസിടിവി ക്യാമറകൾ സ്ഥാപിച്ച് പുലിയുടെ ചലനങ്ങൾ നീരീക്ഷിച്ചു. ഇതിന് ശേഷമാണ് കെണികൾ സ്ഥാപിച്ചത്.
പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പുലിയെ പിടികൂടാനുള്ള നടപടികൾ നടക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു. പുലിയോടൊപ്പം രണ്ട് കുഞ്ഞുങ്ങളുമുള്ളതിനാൽ ആക്രമണ സാധ്യത കൂടുതലാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.