തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും സുഹൃത്തുക്കളും ചേർന്ന് ബസ് തടഞ്ഞിട്ട് തന്നെ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായതെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു. വിഷയം വിവാദമായതോടെ ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു യദു. നിനക്കുളള പണി തരുമെന്നാണ് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞത്. ഒപ്പമുണ്ടായിരുന്ന എംഎൽഎയും അതു തന്നെ പറഞ്ഞു. ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണെന്നും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും യദു പറഞ്ഞു.
ഞാൻ പറഞ്ഞതു കേൾക്കാൻ പോലും മനസ് കാണിച്ചില്ല. മേഡം പറഞ്ഞുകൊണ്ടേ ഇരിക്കുകയാണ്. മോശമായ ആംഗ്യം കാണിച്ചുവെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കിൽ അത് തെളിയിക്കാൻ പറഞ്ഞു. അപ്പോഴാണ് പറഞ്ഞത് നീ കോടതിയിൽ കൊണ്ട് കേസ് കൊടുത്ത് അവിടെ നിന്ന് നീതി കിട്ടുന്നെങ്കിൽ കിട്ടട്ടെ നിനക്കുളള പണി തരുമെന്ന്. ശമ്പളം ചോദിച്ചപ്പോൾ പാർട്ടിയെ പറഞ്ഞുവെന്ന് ആയി. അതാണ് മേയർ പ്രശ്‌നമാക്കുന്നതെന്നും യദു പറഞ്ഞു.
സ്വകാര്യ കാറായിരുന്നതുകൊണ്ടു തന്നെ മേയർ ആണ് ഉളളിലെന്ന് അറിയില്ലായിരുന്നു. ബസിന് കുറുകെ കാർ നിർത്തി ഇവർ ഇറങ്ങി വന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കേസില്ലാതെ എങ്ങനെയെങ്കിലും ഒഴിഞ്ഞുപോകട്ടെ എന്ന് കരുതിയാണ് പിന്നീട് ഫോൺ ചെയ്ത് എന്തെങ്കിലും ചെയ്‌തെങ്കിൽ ക്ഷമിക്കണമെന്ന് പറഞ്ഞത്. പക്ഷെ അപ്പോൾ ഞാൻ തെറ്റ് ചെയ്തതുകൊണ്ട് സോറി പറഞ്ഞെന്നാണ് മേയർ വ്യാഖ്യാനിക്കുന്നതെന്നും യദു പറഞ്ഞു.
വയസ്സായ അമ്മയ്‌ക്കും മോനും ഞാൻ മാത്രമേയുളളൂ എന്ന് പറഞ്ഞിട്ടുപോലും മേയർക്ക് ഒരു കരുണയും ഉണ്ടായില്ലെന്ന് യദു പറഞ്ഞു. സർക്കാർ സംവിധാനത്തിന്റെ ഭാഗമായ മേയറും എംഎൽഎയുമൊക്കെ ഭീഷണിപ്പെടുത്തുമ്പോൾ തന്റെ ജോലിക്ക് പോലും ഉറപ്പില്ലെന്നും അതുകൊണ്ടു തന്നെ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും യദു പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മേയർ ആര്യ രാജേന്ദ്രനും സുഹൃത്തുക്കളും തിരുവനന്തപുരം പാളയത്ത് രാത്രിയിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയത്. വാഹനത്തിന് സൈഡ് നൽകിയില്ലെന്ന പേരിലായിരുന്നു സ്വകാര്യ കാർ കൊണ്ട് വാഹനത്തിന് മുന്നിലിട്ട് തടസമുണ്ടാക്കിയ ശേഷം മേയറും ഒപ്പമുണ്ടായിരുന്നവരും ഡ്രൈവറെ പൊതുമദ്ധ്യത്തിൽ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
ഇതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. പ്രശ്‌നം നടക്കുമ്പോൾ വീഡിയോ റെക്കോഡ് ചെയ്ത മൊബൈൽ ഫോൺ ബലമായി വാങ്ങാനും മേയർ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.