ഇൻഷുറൻ തുകയ്‌ക്ക് വേണ്ടി ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തിതീർത്ത ഭർത്താവിന് 50 വർഷം കഠിന തടവ് വിധിച്ച് കോടതി. യുഎസിലെ കാൻസാസിലുള്ള ഹയ്സ് സ്വദേശി കോൾബി ട്രിക്കിളാണ് നടുക്കുന്ന ക്രൂരത ചെയ്തത്. 2019-ലായിരുന്നു കേസിനാസ്പദമായ സംഭവം.
സ്വയം വെടിയുതിർത്ത് ഭാര്യ ജീവനൊടുക്കിയെന്നായിരുന്നു സംഭവസ്ഥലത്ത് എത്തിയ പൊലീസിനോട് ട്രിക്കിൾ പറഞ്ഞത്. കേസിന്റെ ആദ്യ ഘട്ടത്തിൽ ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് ശേഷം ഭാര്യയുടെ പേരിലുള്ള ഒരു കോടിയിലധികം വരുന്ന ലൈഫ് ഇൻഷുറൻസ് തുക കൈപ്പറ്റിയ ഭർത്താവ് ആഡംബര ആവശ്യങ്ങൾക്കായി ചെലവഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേസിൽ പുനരന്വേഷണം ആരംഭിച്ചത്.
തുക ബാങ്കിൽ ക്രെഡിറ്റ് ആയതിന് തൊട്ടുപിന്നാലെ ഇയാൾ 1.6 ലക്ഷം രൂപയോളം വിലമതിക്കുന്ന സെക്സ് ഡോൾ ഓർഡർ ചെയ്ത് വാങ്ങിയിരുന്നു. ഭാര്യയുടെ വേർപാടിൽ യാതൊരു തരത്തിലുള്ള ദുഃഖവുമില്ലാതെ ട്രിക്കിൾ ജീവിക്കുന്നതും പൊലീസിന് സംശയമുണ്ടാക്കി. വെറും എട്ട് മാസം കൊണ്ട് 1,20,000 ഡോളർ ഇൻഷുറൻസ് തുക പൂർണമായും ഭർത്താവ് ചെലവഴിച്ചിരുന്നു. നിരവധി സംഗീത ഉപകരണങ്ങളും വീഡിയോ ഗെയിമിനാവശ്യമായ വസ്തുക്കളും ഇയാൾ വാങ്ങിക്കൂട്ടി. നേരത്തെയുണ്ടായിരുന്ന കടങ്ങളെല്ലാം വീട്ടുകയും ചെയ്തു.
ഇതോടെ കോൾബി ട്രിക്കിളിന്റെ ഭാര്യ ജീവനൊടുക്കിയെന്ന് പറയപ്പെടുന്ന ദിവസത്തെക്കുറിച്ച് പൊലീസ് വീണ്ടും അന്വേഷണം നടത്തി. ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്നയാൾ അന്നത്തെ ദിവസം ചെയ്തുതീർക്കേണ്ട ജോലികളെക്കുറിച്ച് ഒരിക്കലും പ്ലാൻ ചെയ്യുകയില്ല. ട്രിക്കിളിന്റെ ഭാര്യ അന്നേദിവസം പെരുമാറിയത് ആത്മഹത്യക്ക് ഒരുങ്ങുന്ന വ്യക്തിയെ പോലെയല്ലെന്ന് പൊലീസ് കണ്ടെത്തി. കൂടാതെ യുവതിയുടെ മൃതദേഹം സൈക്കോളജിക്കൽ ഓട്ടോപ്സി നടത്തുകയും ചെയ്തു. സ്വന്തം ജീവൻ നശിപ്പിക്കാൻ തക്കവണ്ണമുള്ള അവസ്ഥയിൽ യുവതി എത്തിയിരുന്നില്ലെന്ന് ഡോക്ടർമാർ കണ്ടെത്തുകയും ചെയ്തു. തുടർന്ന് തെളിവുകൾ ശേഖരിച്ച പൊലീസ് 2021-ഓടെ കോൾബി ട്രിക്കിളിനെ അറസ്റ്റ് ചെയ്തു. ഭാര്യ കൊല്ലപ്പെട്ട് 21 മാസങ്ങൾക്ക് ഇപ്പുറമാണ് പ്രതി ഭർത്താവാണെന്ന് പൊലീസ് കണ്ടെത്തിയത്.















