ശ്രീനഗർ: കനത്ത മഴയ്ക്ക് പിന്നാലെ കശ്മീരിൽ മണ്ണിടിച്ചിലും ഹിമപാതവും. സോൻമാർഗ് മേഖലയിലാണ് ഹിമപാതം ഉണ്ടായത്.
നിയന്ത്രണ രേഖയ്ക്ക് സമീപം ഉറിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഒരു വീട് മണ്ണിടിച്ചിലിൽ തകരുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മഴയെ തുടർന്ന് പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായതോടെ ജമ്മു – ശ്രീനഗർ ദേശീയപാത അടച്ചിട്ടു.
റംബാൻ ജില്ലയിലെ മെഹർ, ഗാംഗ്രൂ, മോം പാസി, കിഷ്ത്വാരി പഥേർ എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചത്. ദക്ഷിണ കശ്മീരിലെ ഷോപ്പിയാൻ ജില്ലയുമായി ജമ്മുവിലെ പൂഞ്ചിനെയും രജൗരിയെയും ബന്ധിപ്പിക്കുന്ന സമാന്തര പാതയായ മുഗൾ റോഡും മൂന്ന് ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്.
കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ അതി ശക്തമായ മഴയാണ് ജമ്മുവിൽ അനുഭവപ്പെട്ടത്. പ്രദേശത്തെ എല്ലാ നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. വരുന്ന 24 മണിക്കൂറും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.