ജീവൻ നിലനിർത്താൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മുംബൈക്ക് തോൽവി. ലോ സ്കോർ ത്രില്ലറിൽ നാലു വിക്കറ്റിനാണ് മുൻ ചാമ്പ്യന്മാരെ ലക്നൗ കീഴ്പ്പെടുത്തിയത്. മുംബൈ ഉയർത്തിയ 145 റൺസ് വിജയലക്ഷ്യം അനായാസം മറികടക്കാമെന്ന് കരുതി ബാറ്റെടുത്ത ലക്നൗവിനെ നന്നായി വെള്ളം കുടിപ്പിക്കാൻ മുംബൈക്കായി.
എന്നാൽ നിക്കോളസ് പൂരൻ ലക്നൗവിനെ വിജയ തീരത്ത് അടുപ്പിക്കുകയായിരുന്നു. 62 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസാണ് തകർന്ന ലക്നൗവിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അർഷിൻ കുൽക്കർണിയുടെ പുറത്താകലോടെയാണ് ലക്നൗവിന്റെ ഇന്നിംഗ്സ് ആരംഭിച്ചത്. എന്നാൽ സ്റ്റോയിനിസും രാഹുലും ചേർന്ന് ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു.
58 റൺസ് കൂട്ടുക്കെട്ടുയർത്തി. രാഹുൽ വീണതിന് പിന്നാലെ സ്റ്റോയിനിസ്-ദീപക് ഹൂഡ കൂട്ടുക്കെട്ടാണ് ലക്നൗവിന് വീണ്ടും പ്രതീക്ഷ നൽകിയത്. എന്നാൽ 14-ാം ഓവറിൽ സ്റ്റോയിനിസിനെ വീഴ്ത്തി മുഹമ്മദ് നബി മുംബൈക്ക് ബ്രേക്ക് ത്രൂ നൽകി. തൊട്ടുപിന്നാലെ ആഷ്ടൺ ടേണറും(5) മടങ്ങിയതോടെ എൽ.എസ്.ജി ഭയന്നു. ആയുഷ് ബദോനി(6) റണ്ണൗട്ടായതോടെ കൂടുതൽ പ്രതിസന്ധിയായി. എന്നാൽ ഉറച്ച് നിന്ന പൂരൻ 14 റൺസുമായി ലക്നൗവിനെ അതിർത്തി വര കടത്തുകയായിരുന്നു. ക്രുണാൽ പാണ്ഡ്യ ഒരു റൺസുമായി പുറത്താകാതെ നിന്നു. മുംബൈയുടെ ഏഴാം തോൽവിയായിരുന്നു ഇത്.