തുടർച്ചയായ വിജയം തേടി ചെപ്പോക്കിലിറങ്ങിയ ചെന്നൈയെ വരിഞ്ഞുമുറുക്കി പഞ്ചാബ്. ബാറ്റിംഗ് നിരയെ ക്യാപ്റ്റൻ ഋതുരാജ് ഒറ്റയ്‌ക്ക് തോളേറ്റിയപ്പോൾ ചെന്നൈ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് നേടിയത്.രഹാനയും ഋതുരാജും ചേർന്ന് ചെന്നൈക്ക് പതിഞ്ഞ തുടക്കമാണ് നൽകിയത്. 50 പന്തിൽ 64 റൺസാണ് ഇരുവരും ചേർന്ന് കണ്ടെത്തിയത്. താളം കണ്ടെത്താൻ പാടുപെട്ട രഹാനെ ഒരിക്കൽക്കൂടി നിരാശപ്പെടുത്തി (29). പിന്നാലെ എത്തിയ ശിവം ദുബെ ഗോൾഡൻ ഡക്കായതോടെ ചെന്നൈ പരുങ്ങി.
ഹർപ്രീത് ബ്രാറിനായിരുന്നു വിക്കറ്റ്. തൊട്ടടുത്ത ഓവറിൽ രണ്ടു റൺസുമായി ജഡേജയും മടങ്ങി. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ സമീർ റിസ്വിയും വെള്ളം കുടിച്ചു. 21 റൺസുമായി താരം പുറത്തായി. ഇതോടെ ചെന്നൈ പതറി. 18-ാം ഓവറിൽ ഋതുരാജിനെ (48 പന്തിൽ 62) മടക്കി അർഷദീപ് ചെന്നൈയുടെ റണ്ണൊഴുക്ക് തടഞ്ഞു.
19ാം ഓവർ എറിയാനെത്തിയ രാഹുൽ ചഹർ മൂന്ന് റൺസ് മാത്രം വിട്ടു നൽകി മോയിൻ അലിയെ പുറത്താക്കി(15). മുൻ നായകൻ ധോണിയാണ് സ്കോർ 150 കടത്തിയത്. പഞ്ചാബ് ബൗളർമാരുടെ മികച്ച പ്രകടനം കണ്ട മത്സരത്തിൽ അർഷദീപ് മാത്രമാണ് റൺസ് വിട്ടുനൽകിയത്. ഹർപ്രീത് ബ്രാർ, രാഹുൽ ചഹർ എന്നിവർ രണ്ടുവീതം വിക്കറ്റ് വീഴ്‌ത്തി. റബാദയ്‌ക്കും അർഷദീപിനും ഒരോ വിക്കറ്റ് വീതം ലഭിച്ചു. 11 പന്തിൽ 14 റൺസെടുത്ത ധോണി അവസാന പന്തിൽ പുറത്തായി.