സബർകാന്ത (ഗുജറാത്ത്): ഇന്ത്യയിലെ മുസ്ലീം സ്ത്രീകൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഇരകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയം പരാമർശിച്ചായിരുന്നു മോദിയുടെ വാക്കുകൾ. സുപ്രീംകോടതിയുടെ വിധി വന്നിട്ടുപോലും മുസ്ലീം സഹോദരിമാരെ സുരക്ഷിതരാക്കാൻ കോൺഗ്രസ് തയ്യാറായില്ലെന്ന് മോദി ചൂണ്ടിക്കാട്ടി.
ഗുജറാത്തിൽ സബർകാന്തയിലെ ഹിമത് നഗറിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. മുത്തലാഖ് നിരോധനം മുസ്ലീം സ്ത്രീകൾക്ക് മാത്രമല്ല അവരുടെ കുടുംബങ്ങൾക്ക് കൂടിയാണ് സംരക്ഷണമൊരുക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. മുത്തലാഖിൽ പോലും കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കണ്ടതെന്നും നരേന്ദ്രമോദി കുറ്റപ്പെടുത്തി.
വോട്ട് ബാങ്കിനെക്കുറിച്ച് ഓർത്ത് താൻ വേവലാതിപ്പെടുന്നില്ല, താൻ പ്രവർത്തിക്കുന്നത് തെരഞ്ഞെടുപ്പുകളിൽ വിജയിക്കുകയെന്ന ലക്ഷ്യം മാത്രം വെച്ചല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മുസ്ലീം സ്ത്രീകളുടെ ജീവിതം മുത്തലാഖ് നിരോധനത്തിലൂടെ കൂടുതൽ ആയാസ രഹിതമാക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
താൻ ഇക്കാര്യങ്ങൾ ചെയ്യുമ്പോൾ കോൺഗ്രസിന്റെ രാജകുമാരന് വേവലാതിയാണെന്നും രാഹുലിനെ പരിഹസിച്ച് മോദി പറഞ്ഞു. നരേന്ദ്രമോദി മൂന്നാമതും അധികാരത്തിലെത്തിയാൽ രാജ്യം കത്തുമെന്നാണ് രാഹുൽ പറയുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വാസ്തവത്തിൽ കോൺഗ്രസിന്റെ സ്വപ്നങ്ങളാണ് കത്തി ചാരമാകുന്നതെന്നും മോദി പരിഹസിച്ചു.